
കിളിമാനൂര്‍: സ്ഥലപരിമിതിയും, ഗതാഗതക്കുരുക്കും, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടും ഒക്കെയായി നീണ്ട കാലം വീര്‍പ്പു മുട്ടിയിരുന്ന കിളിമാനൂര്‍ ജംഗ്ഷനും ഹൈടെക്കിലേക്ക്. സംസ്ഥാന പാതയില്‍ തിരുവനന്തപുരം മുതല്‍ കൊട്ടാരക്കര വരെയുള്ള റോഡിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നാണ് കിളിമാനൂര്‍. ജംഗ്ഷനിലെ അശാസ്ത്രീയമായ ഡിവൈഡറുകളുടെ നിര്‍മാണവും അപകടകരമായ അവസ്ഥയിലുള്ള ഹൈമാസ് ലൈറ്റും സിഗ്നല്‍ ലൈറ്റുമൊക്കെയായി ഇവിടെ കുറെക്കാലമായി യാത്രക്കാര്‍ ബുദ്ധിമുട്ടുകയായിരുന്നു. നിരവധി അപകടങ്ങളും പതിവായിരുന്നു.
ഈ സാഹചര്യത്തിലാണ് കഴക്കൂട്ടം - അടൂര്‍ അതിവേഗ സുരക്ഷാ മാതൃക റോഡ് പദ്ധതിയുടെ ഭാഗമായുള്ള കിളിമാനൂര്‍ ജംഗ്ഷന്‍ നവീകരണം ആരംഭിച്ചത്. പണി ആരംഭിച്ച് മാസങ്ങള്‍ ആയിട്ടും പണി പൂര്‍ത്തിയാക്കാതെ ഒച്ചിഴയുന്ന വേഗത്തിലാണ് നിര്‍മാണം നടന്നു കൊണ്ടിരുന്നത്. ഇത് കാരണം കച്ചവടക്കാരും, കാല്‍ നടയാത്രക്കാരും ഏറെ ബുദ്ധി മുട്ടും അനുഭവിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി കേരള കൗമുദി വാര്‍ത്ത നല്‍കുകയും ബി. സത്യന്‍ എം.എല്‍.എ അടിയന്തരമായി ഇടപെടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് അധികൃതര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും നിര്‍മ്മാണം അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുകയുമാണ്. ടൗണിലെ റോഡിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തികള്‍ കൈയേറിയ സ്ഥലങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ചു കൊണ്ടാണ് നവീകരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ബി. സത്യന്‍ എം.എല്‍.എയുടെ മേല്‍നോട്ടത്തില്‍ ദ്രുതഗതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മാസങ്ങളായി നടക്കുന്ന നിര്‍മ്മാണങ്ങള്‍ മൂലം വ്യാപാരികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും എം.എല്‍.എയുടെ ഇടപെടലുകള്‍ സഹായകമായി. ഇതോടെ ജംഗ്ഷന്‍ നവീകരണം പൂര്‍ണതയിലെത്തുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ