ആറ്റിങ്ങല്‍: ബംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസില്‍ രണ്ടാം പ്രതിയായ ഡോക്ടര്‍ പിടിയില്‍. കടയ്ക്കല്‍ ചിതറ ഉജ്ജയിനിയില്‍ ഡോ. ഹര്‍ഷനാണ് (52) പിടിയിലായത്. മാമം സ്വദേശി ഷീലാ സതീശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തിലെ ഒന്നാംപ്രതി മാവേലിക്കര വെട്ടിയാര്‍ സ്വദേശി സജു ബിന്‍ സലിം (32) ഒളിവിലാണ്. 2015ല്‍ ഷീലയുടെ മകന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌താണ് 48 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയത്. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്‌തില്ല. ഇതേക്കുറിച്ച് ചോദിക്കുമ്ബോള്‍ ഇവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
തട്ടിപ്പിനിരയായതാണെന്ന് തിരിച്ചറിഞ്ഞ ഷീല 2018ല്‍ നല്‍കിയ പരാതിയില്‍ കുറത്തിക്കാട് പൊലീസ് കേസെടുത്തു. അറസ്റ്റ് വൈകിയതോടെ ഇവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ആറ്റിങ്ങല്‍ പൊലീസിന് കൈമാറിയത്. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിച്ച കോടതി ഇവരോട് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോ.
ഹര്‍ഷന്‍ സ്‌റ്റേഷനില്‍ ഹാജരായത്. ഡോ. ഹര്‍ഷന്‍ കടയ്ക്കലില്‍ കണ്ണന്‍സ് ഭവന്‍ ഡെന്റല്‍ ക്ലീനിക് നടത്തുകയാണ്. കൊട്ടാരക്കരയിലും സമാനരീതിയില്‍ ഇവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരം 50000 രൂപ ബോണ്ടിന്മേല്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.