കടയ്ക്കൽ: ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ശുചിത്വ, മാലിന്യ സംസ്കരണ പദ്ധതികളുടെ നിർവ്വഹണ മികവിന് ഗ്രാമപഞ്ചായത്തിന് അംഗീകാരം. കൊല്ലം ജില്ലയിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ അവതരിപ്പിക്കുകയുണ്ടായി.
ഇതിന് തുടർച്ചയായി ആണ് തിരുവനന്തപുരത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ശുചിത്വ മികവ് സംഗമത്തിൽ വച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. ശ്രീ. എ. സി. മൊയ്തീൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന് ബഹു. മുഖ്യ മന്ത്രിയുടെ ഹരിത അവാർഡും പ്രശസ്തിപത്രവും നൽകുകയും ഹരിത കേരള മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിലെ മികവിന് പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജുവിനെ ഹരിത കിരീടം അണിയിക്കുകയും ചെയ്തു.
ചടങ്ങിൽ ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിജു ശിവദാസൻ എന്നിവർ സന്നിഹിതരായിരുന്നു.
ഗ്രാമ പഞ്ചായത്തിന്റെ ഉദ്യമങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പിൻതുണയും സഹായ സഹകരണളും നൽകിയ ഏവർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.