ആറ്റിങ്ങല്‍: വിവാദങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും ഒടുവില്‍ ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. ബി.സത്യന്‍ എം.എല്‍.എ നാളികേരം ഉടച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഔദ്യോഗികച്ചടങ്ങുകള്‍ ഒഴിവാക്കി നടത്തിയ ഉദ്ഘാടന ചടങ്ങും ഏറെ ശ്രദ്ധേയമായി.
പൂവമ്ബാറ മുതല്‍ മൂന്നുമുക്കുവരെയുളള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി. 2.8കിലോമീറ്റര്‍ റോഡ് 16 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 മീറ്റര്‍ ടാറിംഗ് ഏരിയയാണ്. നടുക്ക് ഡിവൈഡറും വശങ്ങളില്‍ ഓടയും നടപ്പാതയും ഉള്‍പ്പെടെയാണ് നിര്‍മ്മാണം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. കിളിമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിവൈവ് കമ്ബനിക്കാണ് നിര്‍മ്മാണ കരാര്‍.
19 കോടി രൂപയാണ് അടങ്കല്‍ തുക. റോഡില്‍ സ്ഥാപിക്കുന്നതിനുളള റെഡിമെയ്ഡ് ഓട ഉള്‍പ്പെടെയുള്ളവ കമ്ബനിയുടെ യാഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിക്കായി നഗരത്തിലെ പുറമ്ബോക്കുഭൂമിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റോഫീസിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നലെ നടന്ന ചടങ്ങില്‍ ബി.സത്യന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, മുന്‍ ചെയര്‍ പേഴ്സണ്‍ എസ്.കുമാരി, അവനവഞ്ചേരി രാജു, സന്തോഷ്‌കുമാര്‍, ആര്‍.രാമു, എന്നിവരും ദേശീയപാത, പൊതുമരാമത്തു വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.