1960 കളുടെ തുടക്കത്തിൽ കിഴക്കുംഭാഗം "ബീന" തീയറ്റർ സിനിമ നിറുത്തി ഒഴിഞ്ഞു കിടന്നിരുന്ന കെട്ടിടത്തിൽ തത്കാലം ട്യൂട്ടോറി നടത്താൻ തീയറ്ററുടമ അസീസാശാൻ അനുവാദം നൽകുകയും ചെയ്തു. ആ കാലഘട്ടത്തിൽ അദ്ധ്യാപകരുടെ ദൗർലഭ്യവും, കടുത്ത സാമ്പത്തിക ബാധ്യതകളെയും നേരിടേണ്ടിവന്നു ശിവരാജപിള്ള സാറിനു .SSLC പ്രൈവറ്റിനും പി.യു.സി യ്ക്കും ഓരോ ബാച്ചും ആയിരുന്നു തുടക്കത്തിൽ.വിക്ടറിയിലെ അന്നത്തെ അധ്യാപകർ സേവന മനോഭാവം ഉള്ളവരായിരുന്നു.അയിരക്കുഴി വാസുദേവൻ പിള്ള സർ, കടയ്ക്കൽ ഗോപിനാഥനാശാൻ, എം.സ് റാവുത്തർ,മടത്തറ സുഗതൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപകർ.
SSLC പ്രൈവറ്റ് ബാച്ച് നു 20 രൂപയും പി യു സിക്ക് 30 രൂപയുമായിരുന്നു ഫീസ്. ഫീസുകൊടുക്കാൻ കഴിയാത്തവരായിരുന്നു അധികവും വിദ്യാർത്ഥികൾ .സാമ്പത്തികമായി പിന്നോട്ട് നിന്ന കുട്ടികളെ വിക്ടറിയിലെ അദ്ധ്യാപകർ നന്നായി സഹായിച്ചിട്ടുമുണ്ട്.പഠനം കഴിഞ്ഞു തൊഴിലന്വേഷണം തുടങ്ങുന്ന സമയത്ത് താൽക്കാലിക താവളം എന്ന നിലയിലാണു ചെറുപ്പക്കാർ പാരലൽ കോളേജുകളിൽ അദ്യാപകരായി എത്തിച്ചേരുന്നത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിജയ പ്രതീക്ഷകളുമായിരുന്നു അകാലത്തു ട്യൂട്ടോറിയൽ കോളേജുകൾ.
അധികം താമസം കൂടാതെ തന്നെ ജോലി സാധ്യതയുള്ള ക്ലാസ്സുകളും വിക്ടറിയയിൽ ആരംഭിക്കുകയുണ്ടായി.സ്കൂളുകളിൽ സംസ്‌കൃത അദ്ധ്യാപകരെ നിയമിക്കാൻ സർക്കാരുത്തരവ് ഉണ്ടായി.അങ്ങനെ യാണ് മലയാളം വിദ്വാൻ, ഹിന്ദി വിദ്വാൻ, സംസ്‌കൃതം, അഗ്രികൾച്ചർ, എന്നീ ക്ലാസ്സുകൾ വിക്ടറിയയിൽ ആരംഭിക്കുന്നത്.വിദ്വാൻ പരീക്ഷ പാസാകുന്നവർക്കു അദ്യാപക പരിശീലനം കഴിഞ്ഞാൽ പ്രൈമറി സ്കൂളിൽ ജോലി കിട്ടും,സംസ്കൃത പരീക്ഷ പാസാകുന്നവർക്കു ഹൈസ്കൂൾ അദ്യാപകരായി ജോലി കിട്ടും.അഗ്രിക്കൾച്ചർ പാസാകുന്നവർക്കു കൃഷി വകുപ്പിൽ ജോലി നേടാൻ അവസരവും...
വിക്ടറിയിൽ പഠിച്ചിറങ്ങിയ ഒട്ടേറെ കുട്ടികൾ 1965 കാലഘട്ടമായപ്പോഴുക്കും ഇവിടെ അദ്യാപകരായി എത്തി.പ്രഥമാധ്യാപകനായിരുന്ന ശിവരാജപിള്ള സാറിന്റെ രാഷ്ട്രീയ എതിരാളികൾക്ക് പലർക്കും സ്ഥാപനത്തിന്റെ വളർച്ച അരുചികരമായി തീർന്നു.അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ വീട് വീടാന്തരം കയറിയിറങ്ങി ഈ സ്ഥാപനത്തിൽ കുട്ടികളെ അയയ്ക്കരുതെന്നും അവിടെ രാഷ്ട്രീയം പഠിപ്പിച്ചു കുട്ടികളെ വഴി തെറ്റിക്കുകയാണെന്നുമുള്ള നികൃഷ്ടമായ പ്രചാരണങ്ങൾ നടത്തുകയും ഇതിനു ബദലായി മറ്റു ചില പാരലൽ കോളേജ് സ്ഥാപനങ്ങളുമുണ്ടായി കിഴക്കുംഭാഗത്ത്.
1969 ൽ കിഴക്കുംഭാഗത്തു നടന്ന ഒരു രാഷ്ട്രീയ സംഘർഷവും തുടർന്നുള്ള പൊതുയോഗവുമായി ബന്ധപ്പെട്ടു ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകർ വിക്ടറി കോളേജ് തീവെച്ചു നശിപ്പിക്കുകയുണ്ടായി.ഇതിനെത്തുടർന്ന് 200 - ഓളം വിദ്യാർത്ഥികളും അദ്ധ്യപകരും ശിവരാജപിള്ള സാറിന്റെ നേതൃത്വത്തിൽ ചിതറ പഞ്ചായത്തു ഓഫീസില്ക്ക് മാർച്ചു നടത്തുകയും പ്രസിഡണ്ടിനു മെമ്മോറാണ്ടം തയ്യാറാക്കി നൽകിയെങ്കിലും അത് നിരസിക്കുകയും ചെയ്തു. മാത്രാമല്ല പഞ്ചായത്ത് ഓഫിസിനു മുന്നിൽ ചില മെമ്പർമാരുമായി വിദ്യാർത്ഥികൾ ഉന്തും തള്ളുമാവുകയും ചെയ്തു.ഒടുവിൽ മറ്റു മെമ്പർമാർ ഇടപെട്ടു അധ്യാപകാരോട് ക്ഷമ ചോദിക്കുകയും അജണ്ടയിൽ ഉൾക്കൊള്ളിച്ചു നടപടികൾ സ്വീകരിക്കാമെന്ന് അന്നത്തെ പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി. സുമതി സുകുമാരൻ ഉറപ്പുനൽകുകയും ചെയ്തു .ഇങ്ങനെയുള്ള ധാരാളം പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സ്ഥാപനം വർഷങ്ങൾ അറിവിന്റെ വെളിച്ചം വീശി നമ്മുടെ നാടിന്റെ വിശ്വഭാരതിയും , തക്ഷശിലയും പോലെ നില നിന്നിരിന്നത്.
തുടർന്ന് 1970 ൽ , ശ്രീ കൊക്കോട് ശശി സാർ ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പിൽ സ്ഥാനം ഏറ്റെടുക്കയും ന്യൂ അക്കാദമി എന്ന് സ്ഥാപനത്തിന്റെ പേര് മാറ്റുകയും ചെയ്തു.തുടർന്ന് നിരവധിപേർ ഈ സ്ഥാപനം നന്നായി നടത്താൻ മുന്നോട്ടു വന്നിട്ടുണ്ട്.അവരിൽ പ്രധാനികൾ ആയിരുന്നു സുകുമാരപിള്ള, മടത്തറ സുഗതൻ, എസ് രാജേന്ദ്രൻ, ശ്രീവിലാസം വേണു, ശ്രീവിലാസം സുകു,കടയ്ക്കൽ വിക്രമൻ,ചിത്രസേനൻ,സദാശിവൻ പിള്ള തുടങ്ങിയവർ.. ഇവരിൽ ചിലർ രാഷ്ട്രീയ രംഗത്ത് സംസ്ഥാന നേതാക്കൾ വരെയായിട്ടുണ്ട്.ചിലർ ഉന്നത ഉദ്യോഗങ്ങളിലും ചിലർ തദ്ദേശ സ്വയംഭരണ രംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ വിക്‌ടറിയിലൂടെയും ന്യൂ അക്കാദമിയിലൂടെയും വളർന്ന് വന്ന യുവാക്കൾ നമ്മുടെ സംസ്ഥാനത്തിന്റെ തന്നെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വികസന രംഗങ്ങളിൽ ഗണ്യമായ സംഭാനകൾ നൽകാൻ കഴിഞ്ഞിട്ടുള്ളവരാണ്.
നമ്മുടെ ചിതറയുടെ ഒരു നിർണായ ഘട്ടത്തിൽ താങ്ങും തണലുമായിരുന്ന ഈ സ്ഥാപനം പതിറ്റാണ്ടുകൾക്ക് ശേഷം കാലത്തിന്റെ കുത്തൊഴുക്കിൽ കാലാന്തരത്തിൽ പ്രതാപം നഷ്ട്ടപ്പെട്ടു ന്യൂ അക്കാദമി വിട പറഞ്ഞു.
റിപ്പോർട്ട്: ചിതറ പി.ഒ
റിപ്പോർട്ട്: ചിതറ പി.ഒ