കടയ്ക്കൽ: റോഡുകളിലെ കുഴികളെ ചൊല്ലി നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നു. ചടയമംഗലം-വെള്ളാര്‍വെട്ടം -ചിങ്ങേലി, കുരിയോട്-കുന്നുംപുറം-പരുത്തി-കൈതോട് റോഡുകളുടെ തകര്‍ച്ചയാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് മൂര്‍ച്ചകൂട്ടുന്നത്. വെള്ളാര്‍വെട്ടം റോഡുപണി നിര്‍ത്തിവെച്ചിട്ട് രണ്ടു മാസത്തിലധികമായി. കിഫ്ബി പദ്ധതി പ്രകാരം 27.75 കോടി രൂപ ചെലവില്‍ തുടങ്ങിയ പണിയാണ് പരാതിയില്‍ മുങ്ങിയത്.
റോഡുപണിയിലെ ക്രമക്കേടുമൂലം ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് പണി നിലയ്ക്കുകയുമായിരുന്നു. ഗവ. എം.ജി.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭാഗത്തെ കയ്യാലയുടെ സംരക്ഷണഭിത്തി നിര്‍മാണവും ഇതോടെ നിലച്ചു. ഇപ്പോള്‍ റോഡ് നിറയെ മരണക്കുഴികളാണ്. സ്കൂള്‍ കവലയില്‍ തുടങ്ങി ഇളമ്ബഴന്നൂര്‍, കാറ്റാടിമൂട്, വെള്ളാര്‍വെട്ടം, ആല്‍ത്തറമൂട് ഭാഗങ്ങളില്‍ റോഡ് പൊളിഞ്ഞു.
പല ഭാഗത്തും ടാര്‍ കാണാനില്ല. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്. ഇരുചക്രവാഹനക്കാര്‍ യാത്രചെയ്താല്‍ നടുവൊടിയും തീര്‍ച്ച. അപകടങ്ങളും നിത്യ കാഴ്ചയാണ്. മന്ത്രി ജി.സുധാകരനും മുല്ലക്കര രത്നാകരന്‍ എം.എല്‍.എ.യും റോഡിെന്റ ശോച്യാവസ്ഥ കിഫ്ബിയെ അറിയിച്ചിട്ടും പണികള്‍ പുനരാരംഭിച്ചിട്ടില്ല. എം.സി.റോഡിലൂടെയും ചടയമംഗലം-പള്ളിക്കല്‍ റോഡിലൂടെയും വരുന്ന യാത്രക്കാര്‍ നിലമേല്‍-മടത്തറ റോഡിലും കടയ്ക്കല്‍ മേഖലയിലുമെത്താനുള്ള എളുപ്പവഴിയാണ് ഇത്. തീര്‍ത്ഥാടനകാലമായതിനാല്‍ റോഡിലൈ വാഹനഗതാഗതം ഇരട്ടിയായെങ്കിലും റോഡുപണി വിവാദച്ചുഴിയിലാണ്.
എം.സി.റോഡിലും നിലമേല്‍-പാരിപ്പള്ളി റോഡിലും യോജിക്കുന്ന കുരിയോട്-കുന്നുംപുറം-വലിയവഴി-വെള്ളരി-കൈതോട് റോഡ് നരകതുല്യമായി. പൊട്ടിപ്പൊളിഞ്ഞ റോഡിലെ ടാറിങ് ഇളകിയതുമൂലം യാത്ര വളരെ ദുഷ്കരമായി. പല ഭാഗത്തും റോഡില്‍ മരണക്കുളം രൂപപ്പെട്ടു. അറ്റകുറ്റപ്പണിപോലും അടുത്തകാലത്തൊന്നും നടത്തിയിട്ടില്ല. ഏറ്റവുമധികം ജനവാസമുള്ള പ്രദേശത്തെ റോഡാണ് അധികൃതര്‍ അവഗണിക്കുന്നത്. മുന്‍പ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ആര്‍.എല്‍.ഇ.ജി.പി. പദ്ധതി പ്രകാരം 25 ലക്ഷംചെലവില്‍ എട്ടുമീറ്റര്‍ വീതിയില്‍ നിര്‍മിച്ച റോഡാണ് അധികൃതര്‍ െെകയൊഴിഞ്ഞത്. റോഡിെന്റ ദുരവസ്ഥയില്‍ നാടാകെ പ്രതിഷേധം ഉയരുന്നു.