Responsive Ad Slot

Slider

ആഡംബര ജീവിതം നയിക്കാന്‍ ബഹുവിധ തട്ടിപ്പുകള്‍, ലക്ഷങ്ങള്‍ വെട്ടിച്ചു രാജാവിനെ പോലെ വിലസി: ഒടുവില്‍ അഴിക്കുള്ളില്‍ കടയ്ക്കൽ സ്വദേശി കുടുങ്ങിയത് ഇങ്ങനെ

കടയ്ക്കല്‍ മടത്തറ കാരറ തായാട്ട് വീട്ടില്‍ അഖില്‍ (31) പിടിയിലായതോടെ കൊല്ലം- തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ നടന്ന നിരവധി തട്ടിപ്പുകള്‍ക്ക് തുമ്ബായി. സിമന്റ് വ്യാപാരിയായ കാരാളിക്കോണം സ്വദേശിയെ കബളിപ്പിച്ച്‌ ഒരു ലോഡ് സിമന്റ് തട്ടിയെടുത്ത് മറിച്ചുവിറ്റ കേസില്‍ കടയ്ക്കല്‍ പൊലീസാണ് കഴിഞ്ഞദിവസം അഖിലിനെ പിടികൂടിയത്.

തിരുവനന്തപുരം: ഫോണ്‍വഴി വന്‍കിട ബിസിനസുകാരെ വശീകരിച്ച്‌ ചതിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ വെട്ടിച്ച കടയ്ക്കല്‍ മടത്തറ കാരറ തായാട്ട് വീട്ടില്‍ അഖില്‍ (31) പിടിയിലായതോടെ കൊല്ലം- തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ നടന്ന നിരവധി തട്ടിപ്പുകള്‍ക്ക് തുമ്ബായി. സിമന്റ് വ്യാപാരിയായ കാരാളിക്കോണം സ്വദേശിയെ കബളിപ്പിച്ച്‌ ഒരു ലോഡ് സിമന്റ് തട്ടിയെടുത്ത് മറിച്ചുവിറ്റ കേസില്‍ കടയ്ക്കല്‍ പൊലീസാണ് കഴിഞ്ഞദിവസം അഖിലിനെ പിടികൂടിയത്. പഠനം മതിയാക്കി തൊഴിലില്ലാതെ കറങ്ങി നടക്കുകയായിരുന്ന അഖില്‍ ആഡംബര ജീവിതത്തിനാണ് തട്ടിപ്പിന്റെ വഴി തെരഞ്ഞെടുത്തത്.

സിമന്റ് വ്യാപാരി കുടുങ്ങിയത് ഫോണ്‍ കോളില്‍

കടയ്ക്കലിന് സമീപം കോട്ടപ്പുറത്ത് നിര്‍മ്മാണസൈറ്റിലേക്ക് ഒരു ലോഡ് സിമന്റ് (200 പായ്ക്കറ്റ്) ഉടന്‍ എത്തിക്കണമെന്ന അഖിലിന്റെ ഫോണ്‍കോളിലാണ് കാരാളിക്കോണം സ്വദേശിയായ സിമന്റ് വ്യാപാരി കുടുങ്ങിയത്. കെട്ടിട നിര്‍മ്മാണ കരാറുകാരനായ താന്‍ കമ്ബനിയില്‍ ഒാര്‍ഡര്‍ ചെയ്തിരുന്ന ലോഡ് എത്താന്‍ സാങ്കേതികതടസമുണ്ടായെന്നും പണി മുടങ്ങാതിരിക്കാന്‍ ഉടന്‍ സിമന്റ് കയറ്റിവിടണമെന്നുമായിരുന്നു അഖില്‍ വ്യാപാരിയോട് ആവശ്യപ്പെട്ടത്. പണം വണ്ടിയില്‍ കൊടുത്തുവിടാമെന്ന ഉറപ്പില്‍ വ്യാപാരി നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഒരു ലോഡ് സിമന്റ് അഖില്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തിച്ചു. കോട്ടപ്പുറത്തെ പണി സൈറ്റും അഖിലുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ചെറിയ ലോറികളില്‍ പല സൈറ്റുകളിലെത്തിക്കാനായി തനിക്ക് ഒരു ലോഡ് സിമന്റ് വരുന്നുണ്ടെന്നും അത് തല്‍ക്കാലത്തേക്ക് ഇവിടെ ഇറക്കിവയ്ക്കാന്‍ അനുവദിക്കണമെന്നും ലോഡെത്തുംമുമ്ബേ അഖില്‍ കെട്ടിട ഉടമയോട് അഭ്യര്‍ത്ഥിച്ചു. അഖിലിന്റെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നാതിരുന്ന കെട്ടിട ഉടമ അനുമതി നല്‍കി. പ്രദേശത്തെ ലോഡിംഗ് തൊഴിലാളികളുടെ സഹായത്തോടെ ലോഡിറക്കി. സിമന്റ് ഇറക്കിയശേഷം പണം ചെക്കായി നല്‍കാന്‍ ശ്രമിച്ചെങ്കിലും രൊക്കം പണം വേണമെന്ന് കട ഉടമ ശഠിച്ചു. പണം നല്‍കാമെന്ന വ്യാജേന ലോറി ഡ്രൈവറെ തന്റെ കാറില്‍ ആയൂരിലെ ഒരു ബാങ്കിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ലോറി ഡ്രൈവറെ പുറത്ത് നിറുത്തിയശേഷം ബാങ്കിനുള്ളിലേക്ക് പോയ അഖില്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് അവിടെ പണമില്ലെന്നും കല്ലറയിലെ മറ്റൊരു ബാങ്കിലേക്ക് പോകണമെന്നും നിര്‍ദ്ദേശിച്ചു. കല്ലറയിലെ ബാങ്കിലും ഏറെ സമയം ചെലവഴിച്ചശേഷം അവിടെയും പണമില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറുമായി കടയ്ക്കലേക്ക് തിരിച്ച അഖില്‍ വഴിയില്‍ ഒരു ജംഗ്ഷനില്‍ വണ്ടി നിര്‍ത്തി. ലോറി ഡ്രൈവറുടെ പക്കല്‍ 500 രൂപ നോട്ട് നല്‍കിയശേഷം സമീപത്തെ കടയില്‍ കൊടുത്തേക്കാന്‍ ആവശ്യപ്പെട്ടു. ലോറി ഡ്രൈവര്‍ പണം കടയില്‍ നല്‍കാനായി തിരിഞ്ഞപ്പോഴേക്കും അഖില്‍ കാറുമായി സ്ഥലം കാലിയാക്കി. കാറിന്റെ നമ്ബര്‍ ശ്രദ്ധിച്ച ഡ്രൈവര്‍ വിവരം സിമന്റ് വ്യാപാരിയെ അറിയിച്ചു. അതുവഴി വന്ന മറ്രൊരുവാഹനത്തില്‍ കോട്ടപ്പുറത്ത് സിമന്റ് ഇറക്കിവച്ച സൈറ്റില്‍ ലോറി ഡൈവര്‍ തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും മറ്റൊരു ലോറിയില്‍ സിമന്റ് കടത്തിക്കൊണ്ടുപോയിരുന്നു.സിമന്റ് വ്യാപാരി വണ്ടി നമ്ബര്‍ സഹിതം കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അഖില്‍ പിടിയിലായത്.

കോട്ടപ്പുറത്ത് നിന്ന് കടത്തിയ സിമന്റ് പാങ്ങോട്ട് ഒരു സിമന്റ് കടയില്‍ ഇറക്കിയതായും സിമന്റ് വിതരണക്കാരനെന്ന വ്യാജേന വിലയായി 75,000 രൂപ അവിടെ നിന്ന് കൈപ്പറ്റിയതായും കണ്ടെത്തി. പാങ്ങോട് കടയില്‍ സൂക്ഷിച്ചിരുന്ന സിമന്റും അഖിലിന്റെ പക്കലുണ്ടായിരുന്ന പണവും തട്ടിപ്പിനുപയോഗിച്ച കാറും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.മൂന്നുമാസം മുമ്ബ് പാലോട് സിമന്റ് വ്യാപാരിയെയും അഖില്‍ ഇതേ വിധത്തില്‍ തട്ടിപ്പിനിരയാക്കിയെങ്കിലും പിടിക്കപ്പെട്ടപ്പോള്‍ പണം നല്‍കി പ്രശ്നം തീര്‍പ്പാക്കുകയും ചെയ്തിരുന്നു. അതിനുശേഷം വീണ്ടും നടത്തിയ തട്ടിപ്പിലാണ് അഖില്‍ പൊലീസിന്റെ വലയിലായത്.

കോഴിഫാമുകാരും തീറ്റകച്ചവടക്കാരും കുടുങ്ങി

സിമന്റ് വ്യാപാരികളെ മാത്രമല്ല കാറ്ററിംഗ് സ്ഥാപന ഉടമയെന്ന വ്യാജേന ഇറച്ചിക്കോഴി ഫാമുകാരെയും പൗള്‍ട്രിഫാം ഉടമയുടെ വേഷത്തില്‍ കോഴിത്തീറ്റ കച്ചവടക്കാരെയും അഖില്‍ തട്ടിപ്പിനിരയാക്കി. തിരുവനന്തപുരം റൂറല്‍ പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബിസിനസുകാരെ അഖില്‍ കോഴിക്കെണിയില്‍ കുടുക്കിയത്. കാറ്ററിംഗ് കമ്ബനി ഉടമയെന്ന പേരില്‍ അടുത്തദിവസത്തെ വര്‍ക്കിനായി 200 കിലോ കോഴിയിറച്ചി വേണമെന്ന പേരിലാണ് പൗള്‍ട്രിഫാമുകാരെ സമീപിക്കുക. ഇൗ സമയം കാറ്ററിംഗ് വര്‍ക്കിനെപ്പറ്റി വാചലനാകുന്ന അഖിലിന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ യാതൊരു സംശയവും തോന്നില്ല. അടുത്തദിവസമെത്തി പണം വൈകുന്നേരമെത്തിക്കാമെന്ന വ്യവസ്ഥയില്‍ തയ്യാറാക്കിവച്ചിരിക്കുന്ന ഇറച്ചിയുമായി സ്ഥലം വിടും. പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതെ സിം മാറ്റുന്നതാണ് ഇയാളുടെ രീതി. പൗള്‍ട്രിഫാമുടമയെന്ന വ്യാജേന കാറ്ററിംഗ് സര്‍വ്വീസ് സ്ഥാപനങ്ങളില്‍ നിന്ന് ഓര്‍ഡറെടുത്ത് തട്ടിച്ചെടുത്ത ഇറച്ചിവിറ്റ് കാശാക്കുകയും ചെയ്യും. ഫാമുടമയായി വേഷം കെട്ടി കോഴിത്തീറ്റ വില്‍പ്പനക്കാരെയും കോഴിത്തീറ്റ വില്‍പ്പനക്കാരനായി പൗള്‍ട്രിഫാമുകാരെയുമെല്ലാം അഖില്‍ കുപ്പിയിലാക്കിയിട്ടുണ്ട്.

കൂടുതല്‍ പരാതികള്‍

അഖില്‍ പിടിക്കപ്പെട്ട വിവരമറിഞ്ഞ് കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേര്‍ അഖിലിനെതിരെ പരാതിയുമായി രംഗത്തെത്തി. തട്ടിപ്പിനിരയായ പലരോടും വ്യാജ പേരുകളും സ്ഥലവുമാണ് പറഞ്ഞിരുന്നത്. വെഞ്ഞാറമൂട്, പോത്തന്‍കോട്, കടയ്ക്കല്‍ , ചടയമംഗലം എന്നിവിടങ്ങളിലാണ് പുതിയ പരാതികള്‍ ലഭിച്ചത്. അഖിലിനെ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Credit: Kerala Kaumudi
disqus,
© all rights reserved
made with Kadakkalnews.com