കടയ്ക്കൽ: സിമന്‍റ് വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. മടത്തറ സ്വദേശി അഖില്‍ ആണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. കല്ലറ, കടയ്ക്കൽ, തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി കടകളിലാണ് അഖില്‍ തട്ടിപ്പ് നടത്തിയത്.
ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുകയാണ് അഖിലിന്റെ രീതി. ആദ്യം കോണ്‍ട്രാക്ടര്‍ എന്ന് പരിചയപെടുത്തി കട ഉടമയുമായി അടുക്കുന്ന അഖില്‍ ഒരു ലോഡ് സിമെന്റ് ഓര്‍ഡര്‍ ചെയ്യും . ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തില്‍ സാധനം ഇറക്കും. എന്നിട്ട് ഒരാഴ്ച ഡേറ്റ് ഇട്ട വ്യാജ ചെക്ക് കൊടുത്തു വിടും. പിന്നെ ഫോണ്‍ എടുക്കില്ല.
നിയമ നടപടിയുമായി പോയാല്‍ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് സമീപ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. കള്ള പരാതിയില്‍ അകത്താകുന്ന കടയുടമ മാനം ഭയന്ന് പിന്നീട് അഖിലിന്റെ വഴിക്ക് പോകില്ല. ഇതായിരുന്നു തട്ടിപ്പ് രീതിയെന്നാണ് പൊലീസ് പറയുന്നത്.
നിരവധി ഇടങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തല്‍. കല്ലറയില്‍ നിന്നും ഒരു ലക്ഷം തട്ടിയ പരാതിയില്‍ പാങ്ങോട് സ്റ്റേഷനില്‍ അഖിലിനെതിരെ കേസുണ്ട് . കല്ലറയിലെ ഒരുകടയുടമക്കെതിരെ മോഷണം, പീഡനം തുടങ്ങി വ്യാജ പരാതികള്‍ നല്‍കി കുടുക്കാനും അഖില്‍ ശ്രമം നടത്തിയതായി കടയ്ക്കല്‍ പൊലീസ് വ്യക്തമാക്കി.