![]() |
Google Image |
കടയ്ക്കല്‍: കടയ്ക്കല്‍ ചിതറയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് റിട്ടയേഡ് എസ്പിയുടെ നേതൃത്വത്തില്‍ പാറ ഖനനത്തിന് അണിയറ ഒരുക്കങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെസിന ഗ്രൂപ്പാണ് ഈ കരിക്കല്‍ ക്വാറിക്ക് പാരിസ്ഥിതിക അനുമതി സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനീഷ് കോടിയേരിയാണ് ക്വാറിയുടെ ബിനാമിയായി പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് അദാനിഗ്രൂപ്പിന് പാറ നല്‍കാനെന്ന രീതിയില്‍ സംസ്ഥാനത്ത് ഉടനീളം ബിനീഷ് കോടിയേരിയുടെ നേതൃത്വത്തില്‍ പാറ ഖനനത്തിന് ഉള്ള അണിയറ ഒരുക്കങ്ങള്‍ വ്യാപകമായി നടക്കുന്നതായുള്ള ആക്ഷേപങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു.
ചിതറ ഗ്രാമ പഞ്ചായത്തിലെ വട്ടമറ്റം വാര്‍ഡില്‍ നാലുമുക്കിന് സമീപമാണ് ഏക്കറുകണക്കിന് സര്‍ക്കാര്‍ പാറ വിഴിഞ്ഞം പദ്ധതിക്ക് എന്ന വ്യാജേന പാരിസ്ഥിതിക അനുമതി സംഘടിപ്പിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ വായ്മൂടികെട്ടാന്‍ റിട്ട. എസ്പിയുടെ സ്വാധീനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കുവാവുള്ള ശ്രമത്തിലാണ് കടയ്ക്കല്‍ പോലിസ്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാരെയും റിട്ട. എസ്പിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടും ഏകപക്ഷീയമായ നിലപാടുമായാണ് കടയ്ക്കല്‍ പോലിസ് നീങ്ങുന്നത്.
പാരിസ്ഥിതിക ദുര്‍ബല പ്രദേശവും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലയാണ് ഇത്. ചിതറ ഗ്രാമ പഞ്ചായത്തില്‍ നിരവധി കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. പാരിസ്ഥിതിക ദുര്‍ബല പ്രദേശമെന്ന രീതിയില്‍ പല ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നഷ്ടപ്പെടുകയും ചെയ്തു. ഭരണതലത്തില്‍ ഉള്ള സ്വാധീനം ഉപയോഗിച്ചാണ് ഇപ്പോള്‍ നാല് മുക്കിനു സമീപം പുതിയ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സമ്ബാദിച്ചിരിക്കുന്നത്.
പാരിസ്ഥിതിക അനുമതി നല്‍കുമ്ബോള്‍ ക്വാറിയിലേക്ക് കയറി പോകുന്നതിന് സഞ്ചാരയോഗ്യമായ വഴി പോലുമുണ്ടായിരുന്നില്ല. പാരിസ്ഥിതിക അനുമതി ലഭിക്കണമെങ്കില്‍ ഏഴുമീറ്റര്‍ വഴി ഉണ്ടാകണം എന്നാണ് നിയമം. ആ നിയമം പോലും കാറ്റില്‍ പറത്തിയാണ് ഇവിടെ പാരിസ്ഥിതിക അനുമതി നല്‍കിയിരിക്കുന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ചതിനു ശേഷമാണ് ഇപ്പോള്‍ റോഡ് നിര്‍മാണം നടക്കുന്നത്.
സര്‍ക്കാര്‍ അനുശാസിക്കുന്ന ദൂരപരിധിക്ക് ഉള്ളില്‍ തന്നെ താമസക്കാരും ഉണ്ട്. അവരുടെ ജീവനും സ്വത്തും അപകടത്തിലാണെന്ന് കാട്ടി പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏഴ് കേസുകള്‍ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുമ്ബോഴാണ് ഭരണ സ്വാധീനമുപയോഗിച്ച് പാരിസ്ഥിതിക അനുമതി സംഘടിപ്പിച്ചിരിക്കുന്നത്. കരിങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Source: Thejas