സ്വർണ്ണനിറമാർന്ന നെൽമണികൾ തലഉയർത്തി ഇളംകാറ്റിൽ ചാഞ്ചാടി കളിക്കുന്ന നെൽവയലുകളാലും,ഏലപ്രദേശങ്ങളാലും സമ്പൽസമൃദ്ധമായ ഒരു നാടായിരുന്നു ചിതറ എന്ന ഈ നമ്മുടെ പ്രദേശം .അക്കാലത്തെ ഇവിടത്തെ വലിയ ഏലാപ്രദേശങ്ങൾ തച്ചുർഏല,കോയിപ്പള്ളി എലാ,കുളത്തറ ഏല,ചിറവൂർ ഏല തുടങ്ങിയവ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുവെ കുറവായിരുന്ന ആ കാലഘട്ടത്തിൽ ചിതറയിൽ ഒരു LPS സ്കൂൾ മാത്രം,മടത്തറയിൽ മടത്തറ കാണി LPS . കടയ്ക്കൽ കഴിഞ്ഞാൽ ഒരു പോസ്റ്റ് ഓഫീസ് മാത്രം അത് വളവുപച്ചയിൽ. ആദ്യം അഞ്ചലാപ്പീസായിരുന്നു.കൂടാതെ ചിതറയിൽ ഒരു വായനശാലയും(ഗ്രാമപ്രകാശ്). കടയ്ക്കലിൽ ഒരു ഹൈ സ്കൂളും ..
ആറ്റിങ്ങൽ, ചിറയിൻകീഴ് ,വർക്കല ഭാഗങ്ങളിൽ നിന്നും മലയോര മേഖലയിലേക്ക് നീങ്ങിയ ആളുകൾ ആയിരുന്നു ഇവിടത്തെ ആദ്യ ജനത.കിഴക്കുംഭാഗത്ത് ചുരുക്കം ബ്രാഹ്മണരും, റാവുത്തർമാരും, ശൈവവെള്ളാളരും, ഈഴവന്മാരും ആയിരുന്നു ചിതറയിലെ പ്രബല സമുദായങ്ങൾ.ഇടത്തരം കർഷകരും വിരലിൽ എണ്ണാവുന്ന ഭൂപ്രഭുക്കൻ മാരും ചേർന്നായിരുന്നു.കുളത്തിൽക്കര ചെല്ലപ്പൻപിള്ള, കുളത്തറ അമീൻപിള്ള റാവുത്തർ,കുമ്പിക്കാട് ചിന്നൻ ചാന്നാൻ എന്നിവരെ ആ കാലഘട്ടത്തിലെ ചിതറ പ്രദേശത്തെ മലരാജാക്കന്മാർ എന്നുവിശേഷിപ്പിക്കാം.
ബിരുദ ധാരികൾ വിരലിൽ എണ്ണാൻ മാത്രം.അക്കാലത്തു നമ്മുടെ നാട്ടിലെ നിയമ ബിരുദ ധാരിയായിരുന്നു വളവുപച്ചയിലെ കൊച്ചുകരിക്കകത്തിൽ റാവുത്തരുടെ മകൻ എം.സ് റാവുത്തർ എന്ന എം.ഷംസുദ്ധീൻ. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവികൂടി യായിരുന്ന ഇദ്ദേഹം 1953 ൽ ചിതറ പഞ്ചായത്തു രൂപം കൊണ്ടപ്പോൾ വളവുപച്ച വാർഡിൽ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയും ആദ്യ പഞ്ചായത്തു പ്രസിഡന്റ് ആവുകയും ചെയ്തു.
റോഡുകളുടെ സ്ഥിതി അന്ന് വളരെ ശോചനീയമായിരുന്നു .കുമ്മിൾ റിസെർവ്വ് വനപ്രദേശമായിരുന്നു. കിഴക്കുംഭാഗം - പാങ്ങോട് റോഡ് വെട്ടുറോഡ് ആയിരുന്നു. മഞ്ഞപ്പാറ - പോതിയാരുവിള ഒരിടവഴി മാത്രം. കണ്ണങ്കോട് മാധവൻ നായരുടെ റബ്ബർതോട്ടം, പട്ടരുടെ കനകമല എസ്റ്റേറ്റ് ഇങ്ങനേ ചില തോട്ടങ്ങളും .കുറച്ചു ഇടത്തരം കൃഷിക്കാരും അവരുടെ പുരയിടങ്ങളിൽ കുടികിടപ്പുകാരായ ഹരിജനങ്ങളും വേറെ കുറെയേറെ പാവങ്ങളും.90% വും നിരക്ഷരരും. അക്കാലത്തു 'അവശസമുദായക്കാർക്കു'സ്കൂൾ പ്രവേശനം വിലക്കപ്പെട്ടിരുന്നു.
അന്നത്തെ പ്രധാന തപാൽ മേഘല വളവുപച്ച പോസ്റ്റോഫീസ് എന്ന അഞ്ചലാപ്പീസായിരുന്നു. ബസ്സുകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ അഞ്ചലോട്ടക്കാരൻ മണിയും കിലുക്കി കടയ്ക്കലിൽ നിന്നും മെയിൽ കൊണ്ടുവന്നാണ് വിതരണം ചെയ്തിരുന്നത്. ചിതറ പഞ്ചായത്തു പ്രദേശം മുഴുവനും ഇ പോസ്റ്റ് ഓഫീസിന്റെ കീഴിലായിരുന്നു. അക്കാലത്തു പോസ്റ്റ്മാസ്റ്റർ ആയി ജോലി ചെയ്തിരുന്നതു കിഴക്കുംഭാഗം സ്വദേശി ശ്രീ.ശിവരാജപിള്ള സർ ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് അഞ്ചലാപ്പീസു പോസ്റ്റ് ഓഫീസ് ആയി മാറിയത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അന്നത്തെ വിവിധ രാഷ്ട്രീയ പാർട്ടിപ്രവർത്തകർ മുൻകൈയെടുത്തു ഒപ്പുശേഖരം നടത്തുകയും പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ സമ്മർദ്ദം ചെലുത്തി അയിരക്കുഴി, മടത്തറ, മാങ്കോട്, എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസ് അനുവദിപ്പിക്കുകയും ചെയ്തു. ഒടുവിൽ ശ്രീ.എസ് രാജേന്ദ്രൻ ചിതറ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്നപ്പോൾ കിഴക്കുംഭാഗത്തു സബ് പോസ്റ്റ് ഓഫീസും ചിതറയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസും അനുവധിപ്പിച്ചു.ചിതറ ഹെഡ് പോസ്റ്റ് ഓഫിസ് എന്നപേരിൽ വളവുപച്ചയിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് വളവുപച്ച പോസ്റ്റ് ഓഫിസ് എന്നപേരിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
പഴയ അടിമത്ത വ്യവസ്ഥയുടെയും ജന്മിത്ത നാടുവാഴിത്ത വ്യവസ്ഥയുടെയും അവശിഷ്ട്ടങ്ങൾ പാവപ്പെട്ടവർക്ക് അനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കാലഘട്ടമായിരുന്നു അത്. അതിനെതിരെ ശക്തമായ സമരങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്നതിനും ചിതറ പഞ്ചായത്തു സാക്ഷ്യം വഹിച്ചു.
കുടിയിറക്കിനെതിരായ സമരം,അവർക്കു ചിരട്ടയിൽ ചായ കൊടുക്കുന്നതിനെതിരായ സമരം,കുത്തക പാട്ട സമരം,റൗഡികൾക്കെതിരായ ചെറുത് നിൽപ്പ് സമരം, കൊച്ചാലുംമൂട് മാടൻകാവിലെ കുടിയിറക്കിനെതിരെയുള്ള സമരം അങ്ങനെ ചെറുതും വലുതുമായ നിരവധി സമര പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി ചിതറ പഞ്ചായത്തിന്റെ പല മേഘലകളിലും...
മുൻ വ്യാവസായിക വകുപ്പ് മന്ത്രി ശ്രീ.എം.എൻ ഗോവിന്ദൻ നായരുടെ ആശയമായിരുന്ന ഒരു ജില്ലയിൽ ഒരു മിനി ഇൻഡ്രട്രിയൽ എസ്റ്റേറ്റ് (mini industryal estate) കേരളത്തിൽ ആദ്യമായി പ്രാവർത്തികമാക്കിയത് കിഴക്കുംഭാഗത്തായിരുന്നു എന്ന പ്രത്യേകതയും ചിതറ പഞ്ചായത്തിനാണ്. കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റും ചിതറ പഞ്ചായത്തിൽ നിന്നും ശ്രീമതി സുമതി സുകുമാരൻ ആയിരുന്നു എന്നതും ചരിത്രത്തിൽ ചിതറയുടെ നാമം കോറിയിട്ടു...
1953 ൽ ആണ് ചിതറ പഞ്ചായത്തു രൂപീകൃതമായത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വിസ്തീർണ്ണമുള്ളതും (വിസ്തീർണ്ണം 57 .70 ചാ:കി:മി: മീറ്ററാണ്). ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതുമായ പഞ്ചായത്താണ് നമ്മുടെ ചിതറ പഞ്ചായത്ത്.
കൊട്ടാരക്കര താലൂക്കിൽ കൊല്ലം തിരുവനന്തപുരം ജില്ലകൾ സന്ധിക്കുന്ന കിഴക്കൻ മേഘലയാണ് ചിതറ പഞ്ചായത്ത് .തിരുവന്തപുരം ചെങ്കോട്ട റോഡിൽ അരിപ്പ മുതൽ ഇലവുപാലം വരെ യുള്ള റോഡിനു പടിഞ്ഞാറാണ് ചിതറയുടെ കിഴക്കേ അതിര്.വടക്കു വശത്തെ മഞ്ഞപ്പാറ, കാരറ മലകൾ ഇപ്പോൾ ഇപ്പോൾ എണ്ണപ്പന പ്ലാന്റേഷനും. തെക്കുവശത്തെ ചക്കമല വെട്ടിത്തെളിച്ച് ഇപ്പോൾ ജനവാസ കേന്ദ്രമായതും ...
( തുടരും .......)
റിപ്പോർട്ട്: ചിതറ പി.ഒ