Responsive Ad Slot

Slider

കടയ്ക്കലില്‍ കഞ്ചാവ് പുകയുന്നു, കൂട്ടിന് മയക്ക് മരുന്നും വാറ്റ് ചാരായവും

കടയ്ക്കലില്‍ നിലമേല്‍ മുതല്‍ മടത്തറ വരെയുള്ള മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പെരുകുന്നതായി പരാതി. ബൈക്കുകളിലും ഓട്ടോകളിലുമാണ് ചെറുകിട കച്ചവടക്കാര്‍ ചുറ്റുന്നത്.

കടയ്ക്കല്‍: കടയ്ക്കലില്‍ നിലമേല്‍ മുതല്‍ മടത്തറ വരെയുള്ള മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പെരുകുന്നതായി പരാതി. ബൈക്കുകളിലും ഓട്ടോകളിലുമാണ് ചെറുകിട കച്ചവടക്കാര്‍ ചുറ്റുന്നത്. 

വിദ്യാലയങ്ങള്‍ക്ക് അകത്തേക്ക് കഞ്ചാവടക്കം എത്തിക്കുന്നത് വിദ്യാര്‍ത്ഥികളായ കുട്ടി ഏജന്റുമാര്‍ മുഖേനെയാണ്. നിലമേല്‍, കടയ്ക്കല്‍ മാര്‍ക്കറ്റ്, പള്ളിമുക്ക്, സ്വാമിമുക്ക്, പാങ്ങലുകാട്, തൃക്കണ്ണാപുരം, പുളിപ്പച്ച, ചിതറ, കിഴക്കുംഭാഗം തുടങ്ങിയ സ്ഥലങ്ങളാണ് കഞ്ചാവിന്റെ പ്രധാന വിപണന കേന്ദ്രങ്ങള്‍. രാത്രിയില്‍ സാധനം ചെറുതും വലുതുമായ പൊതികളിലാക്കി വില്‍പ്പനക്കാരുടെ പക്കല്‍ എത്തിക്കുന്നതിനും പ്രത്യേക ഏജന്റുമാരുണ്ട്.

ഇവരുടെ വാഹനങ്ങള്‍ക്ക് മുന്നിലും പുറകിലും പൈലറ്റ് വാഹനങ്ങളുള്ളതിനാല്‍ പിടികൂടാന്‍ വളരെ ബുദ്ധിമുട്ടാണ്. അടുത്തിടെ ആഴാന്തകുഴിയില്‍ വച്ച്‌ കാറില്‍ നിന്നും ബൈക്ക് യാത്രികര്‍ക്ക് 'സാധന'മടങ്ങിയ ബാഗ് കൈമാറുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ ആളു കൂടിയപ്പോഴേക്കും പ്രതികള്‍ ബാഗിലുള്ള സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.

ചടയമംഗലം എക്സൈസ് ഓഫീസിന്റെ പരിധിയിലാണ് കടയ്ക്കലും പരിസര പ്രദേശങ്ങളും. റെയ്ഞ്ച് ഓഫീസില്‍ പത്ത് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. 9 പഞ്ചായത്തുകളിലാണ് അധികാര പരിധി. ഇവിടെ മലയോര മേഖല കൂടുതലായതിനാല്‍ എക്സൈസിന്റെ സേവനം മിക്കയിടത്തും ലഭിക്കാറില്ല. കടയ്ക്കല്‍ കേന്ദ്രീകരിച്ച്‌ എക്സൈസ് റെയ്ഞ്ച് ഓഫീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടക്കുന്ന പ്രദേശമാണെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇവിടെ എക്സൈസ് ഓഫീസ് തുടങ്ങാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. ഉള്‍പ്രദേശങ്ങളില്‍ വ്യാജവാറ്റ് നടക്കുന്നുണ്ടെന്നും വിവരമുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com