കിളിമാനൂര്‍: ഷെഡ്യൂള്‍ തോന്നിയതുപോലെ നടത്തുന്നതിലും ജീവനക്കാര്‍ക്ക് ജോലിയില്ലാത്തതിലും പ്രതിഷേധിച്ച് കെ.എസ്. ആര്‍.ടി.സി. ഡിപ്പോയില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. സുദര്‍ശനനെ ജീവനക്കാര്‍ ഉപരോധിച്ചു. ഉപരോധം സമാധാന പരമായിരുന്നു. സമരം ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തിയെങ്കിലും സമാധാനപരമായതിനാല്‍ അവര്‍ക്ക് ഇടപെടേണ്ടിവന്നില്ല. പോലീസ് കാഴ്‌ചക്കാരായി.
ആദ്യം 89 സര്‍വീസുണ്ടായിരുന്നത് 79 ആകുകയും ശരാശരി സര്‍വീസ് 64 എണ്ണം എന്ന നിലയില്‍ മാറുകയും ചെയ്തു. ബുധനാഴ്ച സര്‍വീസ് നടത്തിയത് 41 എണ്ണം മാത്രമാണ്. അതില്‍ 6 സര്‍വീസുകള്‍ ഇടയ്ക്കു തിരിച്ചുപിടിക്കുകയും ചെയ്തു. സര്‍വീസ് നിര്‍ത്തലാക്കിയതിലൂടെ ജോലി നഷ്ടമായ ജീവനക്കാര്‍ ബുദ്ധിമുട്ടിലായിട്ടുണ്ട്. ഘട്ടം ഘട്ടമായുള്ള സര്‍വീസ് നിര്‍ത്തല്‍ ചില സ്വകാര്യ ബസ് സര്‍വീസുകളെ സഹായിക്കാനാണെന്നുള്ള ആക്ഷേപം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും യാത്രക്കാരും ആരോപിക്കുന്നു.
എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി. (ഐ), കെ.ടി.യു.സി (ബി)യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. സന്തോഷ് കുമാര്‍, മുരളീധരന്‍, വിനോദ്, സുജാദുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരമാവധി 64 സര്‍വീസുകള്‍ നടത്താമെന്നും ലാഭകരമല്ലാത്ത ട്രിപ്പുകള്‍ റീ ഷെഡ്യൂള്‍ ചെയ്യാമെന്നും ഡ്രൈവര്‍മാരുടെ ലഭ്യത അനുസരിച്ച് സര്‍വീസ് നടത്തുന്നതാണെന്നും പി.എസ്.സി. നിയമിച്ച എംപാനലുകാരെ ഡ്യൂട്ടിക്ക് അയക്കുന്ന കാര്യം നിയമവശം നോക്കി ചെയുമെന്നും ഡി.ടി.ഒ സമ്മതിച്ചതായി നേതാക്കള്‍ പറഞ്ഞു.