തമിഴ്നാട്ടിലെ മധുരയിൽ പതിനാലാം നൂറ്റാണ്ടിലുണ്ടായ തുർക്കി ഭരണകാലത്തു ഉത്തരേന്ത്യയിൽ നിന്നും എത്തിച്ചേർന്ന മുസ്‌ലിം റാത്തോർമാരാണ് പിന്നീട് റാവുത്തർ മാർ എന്നറിയപ്പെട്ടത്. 1700 കാലഘട്ടങ്ങളിൽ തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഘലയിലേക്ക് ചിതറി തെറിച്ച റാവുത്തർ കുടുംബങ്ങൾ പല അവസരങ്ങളിലായി തെങ്കാശി,ആര്യങ്കാവ് ചുരം വഴി തമിഴ് ചെട്ടിമാർ കാട്ടിയ വഴിയേ കൊല്ലം ജില്ലയുടെ കിഴക്കൻ മേഘലയിൽ ചിതറ മുതയിൽ ദേശത്തു എത്തിച്ചേർന്നു.മുതയിൽ നിന്നും ഇവർ പിന്നീട് കാനൂരിലും വേരുറപ്പിച്ചു.
റാവുത്തർമാർ കാനൂർ എത്തിയ കാലഘട്ടത്തിൽ കുറ്റിക്കാട് പടർന്നു ആൾത്താമസം ഇല്ലാതിരുന്നിടം ആയിരുന്നു കാനൂർ.നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെ സമ്പന്നമായ ഒരു സമൂഹം അധിവസിച്ചിരുന്നതായും മഹാമാരികൾ വന്ന് സകലതും വേരറ്റുപോയതായും സൂചനകൾ ഉണ്ടായിരുന്നത്രെ.മാതേവർ കുന്നിലെ മഹാക്ഷേത്രം ഉപേക്ഷിക്കപ്പെട്ടു മണ്ണടിഞ്ഞു കിടന്നിരുന്നു.കാനൂരിൽ വെട്ടുന്നിടത്തെല്ലാം നന്നങ്ങാടികൾ പൊങ്ങിവന്നു അവയ്ക്കുള്ളിൽ ഉൻമൂലനം ചെയ്യപ്പെട്ട ഒരുകുലത്തിന്റെ അടയാള ചിഹ്നങ്ങളും കളരിത്തറയും കണ്ടിരുന്നു. സക്കറ റാവുത്തറുടെ നേതൃത്വത്തിൽ ഇവിടെ എത്തിയ സംഘം ഈ വിശാലമായ ഭൂപ്രദേശങ്ങൾ വാങ്ങിക്കൂട്ടുകയും കൃഷിയിടമാക്കുകയും ചെയ്തു. വളവുപച്ചമുതൽ സത്യമംഗലം വരെയുള്ള ഏലയ്ക്കു ഇരു കരയിലും റാവുത്തർമാർ കൊയ്ത്തും കറ്റയും സന്തോഷമായി നിറഞ്ഞുനിന്നു.
ഇതിൽ കൊച്ചു കരിക്കകത്തിൽ റാവുത്തർ ആണ് കാനൂർ പള്ളി നിർമ്മിച്ചത്. ഇതിന്റെ നിർമ്മിതിയും അതിലെ മദ്രസകളും അവയുടെ ശാസ്ത്രീയതയും ആരെയും അത്ഭുതപ്പെടുത്തും വിധമായിരുന്നു.പാണ്ടി നാട്ടിൽനിന്നും കല്ലാശാരിമാരെ കൊണ്ടുവന്ന് കരിങ്കല്ല് അടിച്ചു കെട്ടിയ വിശാലമായ ഈ പള്ളിക്കെട്ടിടം.കനത്ത ഭിത്തികളും കമ്പകത്തടിയിൽ തീർത്ത വാതിൽ ജനാലകളുമായി കാനൂർ പള്ളിക്കെട്ടിടം കിഴക്കൻ മലയിലെ റാവുത്തർമാരുടെ അഭിമാനായിരുന്നു.
ഇപ്പോൾ കാനൂരിന് ചുറ്റും പല കൂട്ടരും കുടിയേറി വന്നിട്ടുണ്ട്.കിഴക്കു കൊല്ലയിൽ ഏലാ വെട്ടിത്തെളിച്ചു കിളിമാനൂരിൽ നിന്ന് വന്ന നായർ വിഭാഗവും തോട്ടപ്പുറത്തു ചാന്നാൻ വിഭാഗവും മുസ്‌ലിം ഷാഫി കുടുംബങ്ങളും അവിടെ താമസമാക്കിയിട്ടുണ്ട്.
ചിതറ ഗ്രാമത്തെ സംബന്ധിച്ചിടുത്തോളം റാവുത്തർമാർ നാടിന്റെ ജീവനാഡികളായിരുന്നു.സാമൂഹ്യരംഗം, പൊതുരംഗം,ഉൾപ്പെടെ എല്ലാ രംഗത്തും അവരുടെ കയ്യൊപ്പുകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.പൊതു മതേതര കാഴ്ച്ചപ്പാടുകളും,കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർട്യാത്തിലൂടെയും സ്വന്തം ഇടങ്ങളുടെയും ജീവിതത്തിന്റെയും അധീശത്വം കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടിട്ടുള്ള ഈ പ്രദേശത്തെ റാവുത്തർ സമൂഹം നമ്മുടെ ചിതറയുടെ ചരിത്രത്തിൽ അവരുടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ചിതറ പി.ഒ