കടയ്ക്കല്‍: കനത്തമഴയെ തുടര്‍ന്ന് കിഴക്കന്‍മേഖലയില്‍ വ്യാപക കൃഷിനാശം. കടയ്ക്കല്‍ പഞ്ചായത്തിലെ എറ്റിന്‍കടവ്, വളവും തെങ്ങ്, അഞ്ചുമുക്ക്, മാര്‍ക്കറ്റ് ജങ്‌ഷന്‍, ഗോവിന്ദമംഗലം, വടക്കേവയല്‍, കുറ്റിക്കാട് മേഖലകളിലാണ് കൃഷിനാശമുണ്ടായത്.
പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഏലായിലെ തോടുകള്‍ കരകവിഞ്ഞൊഴുകിയാണ് പാടങ്ങള്‍ മുങ്ങാന്‍ കാരണമായത്. കടയ്ക്കലിന് സമീപമുള്ള സര്‍ക്കാര്‍ വിത്തുത്‌പാദകകേന്ദ്രത്തിന്റെ നെല്‍പ്പാടങ്ങളിലും വെള്ളം കയറി. പഞ്ചായത്ത് പബ്ലിക് സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ സീഡ് ഫാംവക വയലുകളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. കൊയ്ത്തിന് പാകമായ വയലേലകളാണ് വെള്ളത്തിനടിയിലായത്.
കടയ്ക്കല്‍-അഞ്ചല്‍ റോഡില്‍ കുറ്റിക്കാട്, വടക്കേവയല്‍, ഫാങ്കോ ജങ്‌ഷന്‍ മേഖലകളില്‍ മഴയെതുടര്‍ന്ന് റോഡും തോടും ഒന്നായി. വ്യാപകമായ നിലംനികത്തലിനെ തുടര്‍ന്ന് തോടുകള്‍ നികന്നതാണ് ചെറിയ മഴയില്‍പോലും റോഡ് തോടാവുന്ന അവസ്ഥയുണ്ടാകുന്നത്. വെള്ളിയാഴ്ച ഉച്ചമുതല്‍ പെയ്ത മഴയില്‍ ടൗണ്‍ ഹാള്‍ ജങ്‌ഷനിലെ ബഡ്സ് സ്കൂളും വെള്ളത്തിലായി. മഴ കനത്താല്‍ ചന്തമുക്കിലെ കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്.
Source: Mathrubhumi