കടയ്ക്കല്‍: ശുചിത്വമിഷന്‍ മുന്നോട്ടു വയ്ക്കുന്ന പദ്ധതികള്ർ ഏറ്റെടുത്ത് നടപ്പിലാക്കുന്നതില്‍ കൊല്ലം ജില്ലയില്‍ എന്നും മുന്നിലുള്ള കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് അപ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ബഹു. ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മുക്തകണ്ഠ പ്രശംസ നേടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പദ്ധതിയാണ് ബസ് സ്റ്റാന്‍ഡില്‍ ആധുനിക കംഫര്‍ട്ട് സ്റ്റേഷന്‍.
പൊതുഇടങ്ങളില്‍ ശൌചാലയ സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന് 90% തുക ലഭ്യമാക്കുന്ന സ്വച്ഛ് ഭാരത് ഗ്രാമീണ്‍ പദ്ധതി സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ ഗ്രാമപഞ്ചായത്ത് 1950000 രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഗാര്‍ഹിക അന്തരീക്ഷം അനുഭവപ്പെടുന്ന രീതിയില്‍ ഉന്നത ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മാണം നടത്തുകയും അത്രതന്നെ വൃത്തിയോടെ പരിപാലിച്ചു വരികയുമാണ്.
പരമ്പരാഗത പൊതു ശൌചാലയ കാഴ്ചകളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും വിഭിന്നമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കംഫര്‍ട്ട് സ്റ്റേഷന്‍ മുന്നില്‍ ഉദ്യാനവും ഇരിപ്പിടങ്ങളും സ്ഥാപിക്കുകയും ആകര്‍ഷണീയമാക്കുകയും ചെയ്തിട്ടുണ്ട്. മോഡേണ്‍ കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമല്ല, ഇതൊരു മോഡല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ കൂടിയാണ്. ഈ നേട്ടത്തില്‍ പഞ്ചായത്ത് ഭരണസമിതി ഏറെ അഭിമാനിക്കുന്നു.