ചടയമംഗലം: മൂന്നരവയസുകാരി ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുമായി സംസാരിച്ച ചടയമംഗലം പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ ചടയമംഗലത്ത് എത്തിയ ഫുഡ് സേഫ്‌ടി വിഭാഗം അധികൃതര്‍ തലേ ദിവസം ഹോട്ടലില്‍ വിളമ്ബിയ വിഭവങ്ങളുടെയും അതുണ്ടാക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെയും സാമ്ബിളുകള്‍ ശേഖരിച്ചു.
കുട്ടിയുടെ വീട് സന്ദര്‍ശിച്ച് അവിടെയും ബാക്കി ഉണ്ടായിരുന്ന ഹോട്ടല്‍ ഭക്ഷണത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു.
കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ - പ്രിയ ദമ്ബതികളുടെ ഏക മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. വെല്‍ഡിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ സാഗറും സുഹൃത്തുക്കളും തിങ്കളാഴ്ച വൈകിട്ട് ചടയമംഗലത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചിരുന്നു. വീട്ടിലേക്ക് കുബ്ബൂസും കുഴിമന്തിയും വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഇത് കഴിച്ച ശേഷം രാത്രി 9.30ന് കുട്ടി ഉറങ്ങാന്‍ കിടന്നു. 12 ഓടെ വയറുവേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുട്ടിയുടെ മൃതദേഹം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഛര്‍ദിയുണ്ടാകുമ്ബോള്‍ ദഹിക്കാത്ത ഭക്ഷണത്തിന്റെെ അവശിഷ്‌ടം അന്നനാളത്തില്‍ കുടുങ്ങിയും മരണം സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച മറ്റാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തതും ഭക്ഷ്യവിഷബാധയുടെ സാദ്ധ്യതയെ കുറച്ചു കാണിക്കുന്നതായി അധികൃതര്‍ പറയുന്നു.