Responsive Ad Slot

Slider

കാരേറ്റ് കല്ലറ റോഡ് പണിതീരും മുന്‍പ് കുഴി

കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ പണി ആരംഭിച്ച കാരേറ്റ് കല്ലറ റോഡ് പണിതീരും മുന്‍പ് കുഴിയായി മാറി. നാട്ടുകാരുടെ കണ്ണ് വെട്ടിച്ച്‌ കരാറുകാരന്‍ രാത്രി മൂന്നു തവണ കുഴിയടച്ചെങ്കിലും പിന്നെയും പഴയ പോലെ തന്നെയായി.

കല്ലറ: കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ പണി ആരംഭിച്ച കാരേറ്റ് കല്ലറ റോഡ് പണിതീരും മുന്‍പ് കുഴിയായി മാറി. നാട്ടുകാരുടെ കണ്ണ് വെട്ടിച്ച്‌ കരാറുകാരന്‍ രാത്രി മൂന്നു തവണ കുഴിയടച്ചെങ്കിലും പിന്നെയും പഴയ പോലെ തന്നെയായി.

കാരേറ്റ് കല്ലറ റോഡില്‍ കല്ലറ ശ്രേയസ് ജങ്‌ഷനു സമീപത്തായാണ് മൂന്നോളം കുഴികള്‍ രൂപപ്പെട്ടത്. എം.സി. റോഡില്‍ കാരേറ്റ് നിന്നാരംഭിച്ച്‌ പാലോട് തെങ്കാശി റോഡില്‍ ചെന്നു ചേരുന്ന ഈ റോഡ് 32 കോടി രൂപയോളം മുടക്കിയാണ് പണി ചെയ്യുന്നത്. കാലങ്ങളായി തകര്‍ന്നു കാല്‍നടപോലും അസാധ്യമായിരുന്ന റോഡ് നാട്ടുകാരുടെ നിരന്തര സമരങ്ങള്‍ക്ക് ഒടുവില്‍ ഡി.കെ.മുരളി എം.എല്‍.എ. യുടെ സമയത്താണ് പണി ആരംഭിച്ചത്.

ആഘോഷമായി പണി ആരംഭിച്ചെങ്കിലും കരാറുകാരന്റെ മെല്ലെപ്പോക്കു നയം കാരണം റോഡു പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആദ്യഘട്ടമായി ശരവണ ജങ്‌ഷന്‍ മുതല്‍ ഭരതന്നൂര്‍ ആലവളവുവരെയുള്ള ആറു കിലോമീറ്ററോളം ഭാഗം പൂര്‍ത്തിയായെങ്കിലും കാത്തിരിപ്പു കേന്ദ്രങ്ങളുടെയോ ഓടകളുടെയോ പണി പൂര്‍ത്തിയായിട്ടില്ല. കല്ലറ ജങ്‌ഷനില്‍ പൊടികാരണം കടതുറക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായതോടെ വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നു കല്ലറ ജങ്‌ഷനിലെ പണികള്‍ വേഗത്തിലാക്കി.

പലപ്പോഴും അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തില്‍ പാലിക്കേണ്ട യാതൊരുവിധമായ നടപടികളും ഇവിടെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ കുഴി രൂപപ്പെട്ടയിടത്ത് അടിയില്‍ പഴയ ടാര്‍ വ്യക്തമായി കാണാം. പഴയ ടാര്‍ കുത്തി പൊളിച്ചതിനു ശേഷം പുതിയ മെറ്റല്‍ നിരത്തി പണിയേണ്ടിടത്താണ് ഈ ക്രമക്കേട്. മഴയായല്‍ വെള്ളക്കെട്ട് വെയിലായാല്‍ പൊടി, കാരേറ്റ് മുതല്‍ കല്ലറവരെയുള്ള പല ഭാഗത്തും വമ്ബന്‍ കുഴികള്‍ നാട്ടുകാര്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്.

ഭരതന്നൂര്‍ മുതല്‍ പാലോടുവരെയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പല സമയത്തും രണ്ട് ജെ.സി.ബി.യും രണ്ട് തൊഴിലാളികളുമാണ് പണിക്കുണ്ടാകുക. ഈ റോഡിനൊപ്പം കരാറുകാരന്‍ ഏറ്റെടുത്ത കല്ലറ ചെറുവാളം റോഡിലും ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുണ്ട്. അധികൃതര്‍ ഇടപെട്ട് ക്രമ വിരുദ്ധമായി നിര്‍മിച്ച്‌ കുഴിയാക്കിയ റോഡിന്റെ നിര്‍മാണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
disqus,
© all rights reserved
made with Kadakkalnews.com