Responsive Ad Slot

Slider

നോട്ട് നിരോധനത്തിനെ വിമര്‍ശിക്കുന്ന 'ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്തി'ന്റെ പ്രദര്‍ശനം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞതായി ആരോപണം; ചെറിയ പ്രതികരണങ്ങള്‍ പോലും ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് സംവിധായകന്‍

കേരള ക്ലബ്ബില്‍ പ്രദര്‍ശനം മുടങ്ങിയെങ്കിലും സിനിമ ഡല്‍ഹിയിലെ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ക്ളോണ്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഭരണകൂട നടപടികള്‍ക്കെതിരെ ഉയരുന്ന ചെറിയ ശബ്ദങ്ങളെ പോലും ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത്

കേരള ക്ലബ്ബില്‍ പ്രദര്‍ശനം മുടങ്ങിയെങ്കിലും സിനിമ ഡല്‍ഹിയിലെ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ക്ളോണ്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഭരണകൂട നടപടികള്‍ക്കെതിരെ ഉയരുന്ന ചെറിയ ശബ്ദങ്ങളെ പോലും ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശനം മുടങ്ങിയ 'ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്‌' സംവിധായകന്‍ സനു കുമ്മിള്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഈ ചിത്രം. കൊല്‍ക്കത്ത പീപിള്‍സ് ഫിലിം ഫെസ്റ്റിവെല്ലിലും, തെലങ്കാനയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഐ.ഡി.എസ്.എഫ്.കെ യില്‍ ജൂറി ഏറ്റവും മികച്ചതെന്ന് കണ്ടെത്തുകയും, സാംസ്കാരിക വകുപ്പ് കാഷ് അവാര്‍ഡ് ഉള്‍പ്പെടെ നല്‍കി ആദരിക്കുകയും ചെയ്ത ഒരു ഡോക്യുമെന്ററിയുമാണ് ' ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്‌ '.

എന്നാല്‍, സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളില്‍ ഈ പേരുകേള്‍ക്കുന്നത് തന്നെ ഒരു ഭയവും, ദേക്ഷ്യവും പ്രകടമാവാറുണ്ട്. അതാണ് ഡല്‍ഹിയിലും സംഭവിച്ചതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

ഭരണകൂട വിരുദ്ധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിന് അപ്പുറത്ത് ഇത്തരം ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നവരെ പിന്തുണയ്കാന്‍ പോലും മടിക്കുന്ന നിലയിലേക്ക് സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സനു കുമ്മിള്‍ പറയുന്നു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നതാണ് ഭീഷണി ഉയരാനുള്ള കാരണം. മോദി സര്‍ക്കാറിനെ താറടിച്ചു കാണിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെ തുടര്‍ന്ന് പ്രദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടായിരുന്നു ഡല്‍ഹി കേരള ക്ലബ്ബില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഇത് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ മലയാളി ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ ക്ളോണ്‍ സിനിമ ആള്‍ട്ടര്‍നേറ്റീവിന്റെ നേതൃത്വത്തില്‍ മറ്റൊരിടത്ത് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇന്നത്തെ സാഹചര്യത്തില്‍ എന്താണ് ഉണ്ടാവുകയെന്ന് അറിയില്ലെന്നും സനു പറയുന്നു. സനു കുമ്മിളിന്റെ പ്രതികരണം ഇങ്ങനെ..

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ച്‌ വരുന്ന ഡോക്യുമെന്ററിയാണ് 'ചായക്കടക്കാരന്റെ മന്‍ കി ബാത്‌ '. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഈ ചിത്രം. കൊല്‍ക്കത്ത പീപിള്‍സ് ഫിലിം ഫെസ്റ്റിവെല്ലിലും, തെലങ്കാനയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സംഘപരിപാര്‍ ശക്തികേന്ദ്രങ്ങളില്‍ ഈ പേരുകേള്‍ക്കുന്നത് തന്നെ ഒരു ഭയവും, ദേക്ഷ്യവും പ്രകടമാവാറുണ്ട്. അതാണ് ഡല്‍ഹിയിലും സംഭവിച്ചതെന്നാണ് കരുതുന്നത്. എല്ലാം തീരുമാനിച്ച്‌ ഉറപ്പിച്ച ശേഷം പത്രത്തില്‍ അറിയിപ്പ് ഉള്‍പ്പെടെ നല്‍കിയ ശേഷമാണ് സ്ക്രീനിങ്ങ് നടക്കാതിരുന്നത്.

നേരത്തെ, എറണാകുളത്ത് ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു പ്രകടമായി തിരിച്ചറിഞ്ഞ പ്രതിഷേധം നേരിട്ടത്. എന്നാല്‍ അതിനെ പ്രതിഷേധം എന്ന് പറയാനാവില്ല, പ്രധാനമന്ത്രി കെട്ടിയിറക്കിയ ആളല്ല, ഇത്തരത്തില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന തരത്തിലുള്ള അഭിപ്രായമായിരുന്നു അന്ന് ചര്‍ച്ചകളില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്. എന്നാല്‍ അന്ന് ചര്‍ച്ചയില്‍ അവസാനിച്ചു.


ഇതൊരു ചെറിയ ഡോക്യുമെന്ററിയാണ്, 27 മിനിറ്റില്‍ ഒരാളുടെ ജീവിതം പറയുന്ന ചിത്രം. അതിനെ പോലും ഭയപ്പെടുന്ന അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെങ്കില്‍ ഇനിയുള്ള കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത് എങ്ങനെ എന്നതിനെ കുറിച്ച്‌ ആശങ്കയുണ്ട്.


യഹിയ എന്ന സാധാരണക്കാരനായ വ്യക്തിയുടെ ജീവിതമാണ് ഡോക്യുമെന്ററി. അത് ഞാന്‍ തന്നെയാണ് വാര്‍ത്ത അന്ന് ആദ്യം നല്‍കിയത്. എന്നാല്‍ വാര്‍ത്തയ്ക്ക് അപ്പുറം അദ്ദേഹത്തിന് ഒരു ജീവിതമുണ്ട്, അത് ഡോക്യുമെന്റ് ചെയ്യണം എന്നത് മാത്രമായിരുന്നു ചിത്രം തയ്യാറാക്കിയതിന് പിന്നിലുള്ള ലക്ഷ്യം. സാധാരണ ഡോക്യുമെന്റരി പാറ്റേണില്‍ പോലുമല്ല ഇത് ചെയ്തിട്ടുള്ളത്. എന്നാല്‍ പങ്കുവയ്ക്കുന്ന ആശയം ഭരണകൂടത്തിന് എതിരായതിനാലാവണം പ്രശ്നം വരുന്നത്. ‌

'ചായക്കടക്കാരന്റെ മന്‍ കി ബാത്‌' വിവാദമായപ്പോഴെല്ലാം നിരവധി പേര്‍ ഫോണില്‍ വിളച്ചും മറ്റും പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഒരോ വിഷയം ഉയരുമ്ബോഴും നമുക്ക് ഒപ്പം നില്‍ക്കുന്നവരുടെ എണ്ണത്തില്‍ അല്ലെങ്കില്‍ പിന്തുണ തരുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 12 വര്‍ഷത്തോളമായി മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയാണ് താന്‍. എന്നാല്‍ ഇപ്പോള്‍‍ നമ്മുടെ സൗഹൃദ വലയത്തിലുള്ളവര്‍ പോലും നമ്മളെ പിന്തുണച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ലൈക്ക് അടിച്ചാല്‍, അഭിപ്രായം എഴുതിയാല്‍ അവരും 'നോട്ട് ചെയ്യപ്പെടും' എന്നനിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മൗനിയായി നടന്ന് മാന്യനാവാന്‍ പറ്റുമോ എന്ന നിലയിലേക്ക് ചിന്തിക്കപ്പെടുകയാണ് ആളുകള്‍. അത്തരത്തില്‍ ഒരു ഭയം ആളുകളില്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇത് വ്യാപകമാണ്.

സംഘപരിവാറിന് അത്ര ശക്തിയുള്ള മേഖലയല്ല എന്റെ നാടായ കടയ്ക്കല്‍, അതുകൊണ്ട് തന്നെ ശാരീകമായ ഭീഷണിയൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല, നേരിട്ടിട്ടുള്ളത് സൈബര്‍ ആക്രമണമാണ്.

അറിയപ്പെടുന്ന ആളുകള്‍കളുടെ സിനിമയോ നിലപാടുകള്‍ക്ക് എതിരെയാണ് സാധാരണ പ്രതിഷേധങ്ങള്‍ വ്യാപകമാവാറുള്ളത്. തന്റെ ഒരു ചെറിയ സിനിമയാണ്. പ്രശസ്തനായ ഒരു വ്യക്തിയുമല്ല, ഒരു സാധാണക്കാരനാണ്. പക്ഷേ നോട്ട് നിരോധത്തെ കുറിച്ച്‌ ഇന്ത്യയില്‍ തന്നെ പുറത്ത് വന്ന ആദ്യത്തെ ഡോക്യുമെന്ററി ഇതാണ്. എന്നാല്‍ ഇത്തരം ചെറിയ സിനിമകളെ വരെ അവര്‍ ഭയപ്പെടുന്നു, അല്ലെങ്കില്‍ ഭയപ്പെടുത്തുന്നു. ചെറിയ പ്രതികരണങ്ങളെ, എതിര്‍ശബ്ദങ്ങളെ പോലും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം നീക്കങ്ങളിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരള ക്ലബ്ബില്‍ പ്രദര്‍ശനം മുടങ്ങിയെങ്കിലും സിനിമ ഡല്‍ഹിയിലെ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ക്ളോണ്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും എന്താണ് ഉണ്ടാവുകയെന്ന് അറിയില്ല. - സനുപറയുന്നു.

ഡല്‍ഹിയിലെ കേരള ക്ലബുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന ക്ളോണ്‍ സിനിമ ആള്‍ട്ടര്‍നേറ്റീവാണ് സനു കുമ്മിളിന്റെ 'ചായക്കടക്കാരന്റെ മന്‍ കി ബാത്‌' കൊണാര്‍ട്ട് പ്ലേസിലെ കേരള ക്ലബ്ബില്‍ സിനിമാ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പ്രദര്‍ശനത്തിന് പിന്നാലെ രാജ്യത്തെ നിലവിലെ സാമ്ബത്തിക സ്ഥിതിയെ കുറിച്ച്‌ വിദ്യാഭ്യാസ പ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സുകുമാര്‍ മുരളീധരന്റെ പ്രഭാഷണവും പദ്ധതിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാറിനെ താറടിച്ചു കാണിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, നിശ്ചയിച്ചുറച്ച പ്രദര്‍ശനവുമായി മുന്നോട്ടു പോകുമെന്നും വേദി അനുവദിക്കാന്‍ തയ്യാറുള്ള ഏത് പുരോഗമന സംഘടനകളുമായും ഗ്രൂപ്പുകളുമായും സഹകരിച്ചു കൊണ്ട്, ഏറ്റവും അടുത്ത ദിവസം തന്നെ ഈ സിനിമയുടെ പ്രദര്‍ശനം ഡല്‍ഹിയില്‍ നടത്തുമെന്നും ക്ളോണ്‍ സിനിമാ ആള്‍ട്ടര്‍നേറ്റീവ് ധീരമായ നിലപാടെടുത്തു. ഈ നിലപാടിന്റെ പുറത്ത് പ്രദര്‍ശനം ഇന്ന് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്നോട്ടു വന്നു എന്നതില്‍ സന്തോഷവും അഭിമാനമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യമെന്നത് ഒരു ഒലക്കയല്ലെന്ന്; തീര്‍ത്തും ബോധ്യമാകുന്ന തരത്തിലുള്ള ആവേശകരമായ പ്രതികരണങ്ങളാണ് സംഭവത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു.

ക്ളോണ്‍ സിനിമാ ആള്‍ട്ടര്‍നേറ്റീവിന്റെ പ്രദര്‍ശനങ്ങള്‍ക്ക് ഡല്‍ഹിയില്‍ സാംസ്കാരിക ഊരുവിലക്ക് നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. നേരത്തെ, ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ക ബോഡി സ്കേപ്സ് , ദിവ്യഭാരതി സംവിധാനം ചെയ്ത കക്കൂസ്, പ്രതാപ് ജോസഫിന്റെ 52 സെക്കന്റ്സ് തുടങ്ങിയ സിനിമകളും മുന്‍പ് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നത്തേക്കാള്‍ കുറെ കൂടി പ്രകടമായ ഭീഷണിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. 'ചില പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ നേതാക്കളില്‍ ചിലര്‍ ' നേരിട്ടു വിളിച്ചു ഭീഷണി പെടുത്തി എന്നാണ് കേരള ക്ലബ് അധികൃതര്‍ അറിയിച്ചതെന്ന് സനു കുമ്മിളിനെ പ്രതിനിധീകരിച്ച്‌ ഡല്‍ഹിയിലെത്തിയ രാംദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കുന്നു.

എല്ലാ തരം വിമര്‍ശനങ്ങളെയും എതിര്‍ശബ്ദങ്ങളെയും ഭയക്കുകയും, അധികാരത്തിന്റെ ബലത്തില്‍ അവയെ കയ്യൂക്കു കൊണ്ട് നേരിടുകയും ചെയ്തു കൊണ്ട്, സിനിമയുള്‍പ്പെടെ എല്ലാ സാംസ്കാരിക മേഖലകളെയും വരുതിക്ക് നിര്‍ത്താനും തങ്ങള്‍ക്കു വേണ്ടി മാത്രം പാട്ടു പാടുന്നവരാക്കാനുമാണ് ബി.ജെ.പി.യും സംഘ്പരിവാറും ശ്രമിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷമായ ഉദാഹരണമാണ്, ഈ ഡോക്യുമെന്ററിക്കു ഡല്‍ഹിയില്‍ നേരിടേണ്ടി വന്ന ഊരുവിലക്ക്. ഒരു സിനിമയെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യകരമായ സംവാദത്തെ പോലും ഭയക്കുന്ന ഭീരുത്വമാണ് തിണ്ണമിടുക്കും കയ്യൂക്കുമായി പ്രതിഫലിക്കുന്നത്. തങ്ങള്‍ പറയുന്നതേ കഴിക്കാവൂ, തങ്ങള്‍ പറയുന്നതേ ചെയ്യാവൂ എന്നതില്‍ നിന്നും കടന്ന്, തങ്ങള്‍ പറയുന്നത് മാത്രമേ കാണാവൂ, അത് മാത്രമേ കേള്‍ക്കാവൂ എന്ന രീതിയിലേക്ക് കൂടി പൂര്‍ണമായും കാര്യങ്ങള്‍ മാറിക്കഴിഞ്ഞു എന്ന് തന്നെയാണ് ഇതിനെ വായിക്കേണ്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് പട്‌വര്‍ധനന്റെ ഡോക്യുമെന്ററിക്ക് അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ നേരിടേണ്ടി വന്ന വിലക്കിനെ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണമെന്നും രാമദാസ് കുറിപ്പില്‍ പറയുന്നു.

കൊല്ലം, കടയ്ക്കലിലെ ചായക്കടക്കാരനായ 75 കാരന്റെ ജീവിതത്തില്‍ നോട്ട് നിരോധനത്തോടെ സംഭവിക്കുന്ന മാറ്റമാണ് ചിത്രം പറയുന്നത്. 13 അംഗങ്ങളുള്ള കുടുംബാംഗമായ യഹിയ 18 വയസില്‍ സൗദി അറേബ്യയിലേക്ക് ജോലി തേടിപോവുകയും വലിയ ദുരിതങ്ങള്‍ പേറി തിരിച്ച്‌ വരികയും ചെയ്ത വ്യക്തിയാണ്. തുടര്‍ന്ന കടയ്ക്കലില്‍ ചായക്കടയുമായി ജീവിച്ച്‌ വരികയുമായിരുന്നു യഹിയ.

എന്നാല്‍, 2016 നവംബര്‍ 8 ന് നോട്ട് നടപ്പാക്കിയ നോട്ട് നിരോധനം ജീവിതം മാറ്റിമറിയിക്കുകയായിരുന്നു. തന്റെ സമ്ബാദ്യമായിരുന്ന 23000 രൂപ മാറ്റാന്‍ ബാങ്കില്‍ ക്യൂ നിന്ന യഹിയ ആരോഗ്യ നില മോശമായതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് നീണ്ട ആശുപത്രി വാസത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം ചെയ്തതത് തന്റെ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍ കത്തിച്ചു. തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പിലെത്തിയ അദ്ദേഹം നോട്ട് നിരോധനത്തോടുള്ള പ്രതിഷേധമായി പാതി തലമുടി പാതി മീശയും വടിച്ച്‌ കളയുകയും ചെയ്യുകയായിരുന്നു. അക്കാലത്തെ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സനു കുമ്മിള്‍ വിഷയം ഡോക്യുമെന്ററിയാക്കിയത്.
disqus,
© all rights reserved
made with Kadakkalnews.com