കടയ്ക്കൽ: ഇക്കഴിഞ്ഞ 22-ന് വയ്യാനം സ്വദേശിനിയായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് കടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ടവറുകള്‍, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.
പ്രതികള്‍ ആക്രമിച്ച സ്ത്രീയുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്ക് പറ്റിയിരുന്നു. അതിനാല്‍ ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നുമാണ് സുരക്ഷയിലുണ്ടായിരുന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് കടയ്ക്കല്‍ വയ്യാനം സ്വദേശികളായ പ്രതീഷ്, രാജീവ് എന്നിവര്‍ ചൊവ്വാഴ്ച രക്ഷപ്പെട്ടത്.
രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കടയ്ക്കല്‍ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, അനിമോന്‍ എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.