കടയ്ക്കല്‍: ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെള്ളക്കെട്ട്. കളിക്കാരും പ്രഭാത-സായാഹ്ന നടത്തക്കാരും ദുരിതത്തില്‍. പാടംനികത്തിയ സ്ഥലത്ത് നിര്‍മിച്ച സ്റ്റേഡിയം മഴപെയ്താല്‍ വെള്ളക്കെട്ടാവുന്ന സ്ഥിതിയാണ്. രാവിലെയും വൈകീട്ടുമായി അനേകം കുട്ടികളാണ് സ്റ്റേഡിയത്തില്‍ കളിക്കാനെത്തുന്നത്. ഇതോടൊപ്പം നിരവധി നടത്തക്കാരുമെത്തും. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുകാരണം ചെളിവെള്ളത്തില്‍ കളിക്കേണ്ട ഗതികേടിലാണിപ്പോള്‍. സ്റ്റേഡിയത്തോട് ചേര്‍ന്നാണ് പഞ്ചായത്ത് ടൗണ്‍ ഹാള്‍. ഇവിടെ നടക്കുന്ന വിവാഹസദ്യകളുടെ അവശിഷ്ടങ്ങള്‍ തള്ളുന്നതും സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്താണ്.
മഴക്കാലമായതോടെ ഇവ ചീഞ്ഞ് നാറാനും തുടങ്ങി. വെള്ളക്കെട്ടിനൊപ്പം ദുര്‍ഗന്ധവും സഹിക്കേണ്ട അവസ്ഥയാണിപ്പോള്‍. തനത് ഫണ്ട് ഉള്‍പ്പെടെ കോടികള്‍ വരുമാനമുള്ള കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിനായി നേരത്തേ ആസൂത്രണംചെയ്ത പദ്ധതികളെല്ലാം ഫയലില്‍ മാത്രമാണ്.