കടയ്ക്കൽ : ആധുനിക സൗകര്യങ്ങളുടെ നിറവിലാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രി. ഓട്ടോക്ലേവ് യൂണിറ്റ്, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പ്ലാന്റ് എന്നീ സൗകര്യങ്ങളാണ് പുതുതായി ഏര്‍പ്പെടുത്തിയത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്.
ആശുപത്രി ഉപകരണങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കുന്നതിന് ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് ഓട്ടോക്ലേവ് യൂണിറ്റ്. മുറിവ് വച്ചു കെട്ടാന്‍ ഉപയോഗിക്കുന്ന കോട്ടണ്‍ മുതല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വരെ ഈ യൂണിറ്റ് വഴി അണു വിമുക്തമാക്കാം. 21 ലക്ഷം രൂപയാണ് ചെലവായത്. ഉയര്‍ന്ന താപനിലയില്‍ രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ച് ആശുപത്രി ഉപകരണങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാക്കുന്നതിന് സഹായകമാണ് യൂണിറ്റ്.
എല്ലാ വാര്‍ഡുകളിലും ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സെന്‍ട്രലൈസ്ഡ് പ്ലാന്റ് നിര്‍മാണവും പൂര്‍ത്തിയായി. 30 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.രോഗികള്‍ക്ക് ആധുനിക സൗകര്യങ്ങളും മികച്ച ചികിത്സയും ഉറപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി പറഞ്ഞു.
38 ലക്ഷം രൂപ ചെലവഴിച്ചു ഇമ്മ്യൂണൈസേഷന്‍ ബ്ലോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് അറിയിച്ചു. കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പിന് മാത്രമായി ബ്ലോക്ക് പ്രവര്‍ത്തിക്കും. 13 ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ദിവസേന രണ്ടായിരത്തിലധികം രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്.മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ യുടെ വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ഓഫീസ് ബ്ലോക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. പവര്‍ ജനറേറ്റര്‍, അത്യാധുനിക ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുന്നു.
കമ്ബ്യൂട്ടറയിസ്ഡ് എക്‌സ്‌റേ, ഡയാലിസിസ് യൂണിറ്റ് എന്നിവയും രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 20 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.