കടയ്ക്കല്‍: വിദേശ - സ്വദേശ ടൂറിസ്റ്റുകളെ മാടിവിളിക്കുകയാണ് ചിതറ എസ്റ്റേറ്റും ഓയില്‍ പാമിലെ കന്യാര്‍കയം വെള്ളച്ചാട്ടവും. ടൂറിസം സാദ്ധ്യതകളെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താത്തതിനാല്‍ പുറമേ നിന്നുള്ള ടൂറിസ്റ്റുകള്‍ അധികമൊന്നും ഇവിടേക്ക് എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എണ്ണപ്പനത്തോട്ടത്തിനിടയിലൂടെയുള്ള കാനനപാതയ്ക്ക് സമാനമായ വഴിയിലൂടെയാണ് കുന്നിന്‍നെറുകയിലെ വെള്ളച്ചാട്ടത്തിലത്തേണ്ടത്. റോഡ് മോശമായതിനാല്‍ ജീപ്പുകള്‍ക്ക് മാത്രമേ മുകള്‍ ഭാഗത്തേക്ക് എത്താനാകൂ. എന്നാല്‍ ഇരുചക്ര വാഹനങ്ങളിലാണ് കൂടുതല്‍ പേരും ഇവിടെയെത്താറ്. ഓയില്‍പാം ഇന്ത്യയുടെ ചിതറ എസ്റ്റേറ്റിനുള്ളിലാണ് കന്യാര്‍കയം വെള്ളച്ചാട്ടം. മടത്തറ, അരിപ്പ ഭാഗത്ത് നിന്നുമുള്ള നീരുറവകളാണ് കന്യാര്‍കയത്തിലെ വെള്ളച്ചാട്ടമായി മാറുന്നത്. ഇവിടെ നിന്ന് ഒഴുകുന്ന വെള്ളം വയലാ ഭാഗമെത്തുമ്ബോഴേക്കും നദിയായി രൂപപ്പെട്ട് ഇത്തിക്കരയാറ്റിലാണ് എത്തിച്ചേരുന്നത്.
- കണ്ണെത്താ ദൂരത്തെ എണ്ണപ്പനത്തോട്ടം
- 5000 ഏക്കര്‍ ഭൂമിയാണ് അരിപ്പ, കുളത്തൂപ്പുഴ ഭാഗങ്ങളുള്‍പ്പെടുന്ന ചിതറ എസ്റ്റേറ്റിലുള്ളത്
- 35 വര്‍ഷമാണ് ഒരു എണ്ണപ്പനയുടെ കാലാവധി
- ഉദയാസ്തമനം
എസ്റ്റേറ്റിലെ കുന്നിന്‍ മുകളിലെത്തിയാല്‍ സൂര്യോദയവും അസ്തമനവും കാണാം. കുടുക്കത്ത് പാറയും വനപ്രദേശങ്ങളും ജഡായുപാറയും കോട്ടുക്കല്‍ ഗുഹാക്ഷേത്രവും ഇവിടുത്തെ കന്യാര്‍കയവുമൊക്കെ ചേരുന്ന ടൂറിസം പദ്ധതിക്ക് അനന്തമായ സാദ്ധ്യതകളാണുള്ളത്. ചിതറ എസ്റ്റേറ്റില്‍ത്തന്നെ റിസോര്‍ട്ടുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയാല്‍ സഞ്ചാരികള്‍ക്ക് വളരെ ഉപകാരപ്രദമാകും. ഇതിനുള്ള പ്രോജക്‌ട് മുന്‍പ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയെങ്കിലും പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. റിസോര്‍ട്ടുകള്‍, ആയുര്‍വേദ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ തുടങ്ങുന്നതിനുള്ള സ്ഥല സൗകര്യം വേണ്ടുവോളമുണ്ട്. സര്‍ക്കാര്‍ മനസുവച്ചാല്‍ വലിയ പദ്ധതികള്‍ ഇവിടെ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പാറക്കെട്ടുകള്‍ക്കിടയിലൂടെ ചിതറിത്തെറിക്കുന്ന ഇവിടുത്തെ വെള്ളത്തിന് വേറിട്ടൊരു ഭംഗിയുണ്ട്.
ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇനിയും അധികൃതര്‍ മനസ്സുവച്ചിട്ടില്ല.