കടയ്ക്കല്‍: നാട്ടുകാരുടെ ജീവനെടുക്കുന്ന തരത്തില്‍ ഹിറ്റാച്ചി ഓടിച്ച ഡ്രൈവറെ പറപ്പിച്ച് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം. അപകടമുണ്ടാക്കുന്ന തരത്തില്‍ ഹിറ്റാച്ചി ഓടിച്ച ഡ്രൈവറെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ഈ വഴി വരികയായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ.
റോഡില്‍ പ്രശ്‌നം കണ്ട എംഎല്‍എ കാറില്‍ നിന്നിറങ്ങി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.ഡ്രൈവര്‍ അപകടകരമായ രീതിയില്‍ 380 ഡിഗ്രിയില്‍ ഹിറ്റാച്ചി കറക്കിയതായി എംഎല്‍എ പറയുന്നു. താന്‍ അടക്കം മൂന്നോളം പേര്‍ ഹിറ്റാച്ചിക്കടിയില്‍ പെട്ട് മരിക്കേണ്ടതായിരുന്നുവെന്നും എംഎല്‍എ രോഷം കൊണ്ടു.
ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിക്കാതെ സ്ഥലത്ത് നിന്ന് പോകില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഗണേഷ് കുമാര്‍. നാട്ടുകാരും എംഎല്‍എയുടെ അഭിപ്രായത്തോട് യോജിച്ചു. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഫോണില്‍ വിളിച്ച് ഗണേഷ് കുമാര്‍ സംഭവം വിവരിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് കേസെടുക്കണമെന്നും അകത്തിടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ ഗണേഷ് കുമാര്‍ എസ്‌ഐയോട് ഫോണില്‍ സംസാരിക്കുന്നതും ഡ്രൈവറോട് രോഷം കൊളളുന്നതുമെല്ലാം കാണാം. ഹിറ്റാച്ചിയുടെ ഉടമ ഡ്രൈവറെ ജോലിയില്‍ നിന്ന് പറഞ്ഞ് വിടുമെന്ന് ഉറപ്പ് തന്നിട്ടുളളതായും എംഎല്‍എ പറയുന്നത് കേള്‍ക്കാം. നിന്നെ ജയിലില്‍ കയറ്റുമെന്നും ഞാനാണ് പറയുന്നത് എന്നും ഗണേഷ് കുമാര്‍ രോഷം കൊള്ളുന്നത് കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.