കടയ്‌ക്കല്‍: ഉദ്‌ഘാടനം കഴിഞ്ഞു നാലു വര്‍ഷം കഴിഞ്ഞിട്ടും ചിതറ പോലീസ് സ്‌റ്റേഷന്‍ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചില്ല. ചിതറ ഗ്രാമപഞ്ചായത്ത് മുന്‍കൈയടുത്താണ് പോലീസ് സ്‌റ്റേഷന് വേണ്ടി കെട്ടിടം നിര്‍മിച്ചത്. ഇവിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് 2015ല്‍ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്.
13 ദിവസത്തിനുള്ളില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ നാളിതുവരെ പ്രവര്‍ത്തനം ആരംഭിച്ചില്ല. പിന്നീട് വന്ന സര്‍ക്കാര്‍ മൂന്നു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞിട്ടും നടപ്പായില്ല. അരിപ്പ, ചോഴിയക്കോട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിതറ പോലീസ് സ്‌റ്റേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഓഫീസിലേക്ക് വേണ്ടി വാങ്ങിയ ഫര്‍ണിച്ചറുകള്‍ തുരുമ്ബെടുത്തു നശിക്കയാണ്.