ന്യൂയോര്‍ക്ക്: സ്വകാര്യ വിവരങ്ങള്‍ അപഹരിക്കുന്നത് തടയാന്‍ 48 മണിക്കൂര്‍ സാമൂഹിക മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ച് സമരം ചെയ്യാന്‍ ആഹ്വാനം. ഓണ്‍ലൈന്‍ സര്‍വ വിജ്ഞാനകോശമായ വിക്കീപീഡിയയുടെ സഹ സ്ഥാപകന്‍ ഡോ. ലാറി സാന്‍ജറാണ് സമരാഹ്വാനവുമായി രംഗത്തെത്തിയത്. ഉപയോക്താവിനെതിരെ ചാരപ്പണി നടത്തുന്ന ഓണ്‍ലൈന്‍ ഭീമന്‍മാരുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ ഈ മാസം നാലിനും അഞ്ചിനുമാണ് സാമൂഹിക മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്.
ഈ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ വികാരം ശക്തമായി ഉയര്‍ത്താന്‍ ഇത്തരം സമരമുറ അനിവാര്യമാണെന്ന് വാദിക്കുന്നവരാണ് ഏറെ. ഉപയോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും ഓണ്‍ലൈന്‍ ശീലങ്ങളും കച്ചവടക്കണ്ണോടെ മോഷ്ടിക്കുന്ന കുത്തകകളെ ചെറുക്കാന്‍ പ്രതിഷേധം അനിവാര്യമാണെന്ന് ലാറി തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.