കൊല്ലം: ബൈപ്പാസില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ കല്ലുന്താഴത്ത് ആംബുലന്‍സും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍നിന്ന് രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ ആംബുലന്‍സ് പൂര്‍ണമായി കത്തിനശിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ആംബുലന്‍സിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശിനി റഹീലയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഡ്രൈവര്‍ക്കും കാര്‍ യാത്രികര്‍ക്കും പരിക്കേറ്റു. അഞ്ചുപേരും കൊല്ലത്തെ വിവിധ സ്വകാര്യാശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. ആംബുലന്‍സിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപ്പിടിച്ചത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു. അതേസമയം, കൊല്ലം ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞമാസം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി ഇടപെട്ടതോടെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് കാമറ സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമാവുമ്ബോള്‍ ചെറുതും വലുതുമായ അറുപതോളം അപകടങ്ങളാണ് കൊല്ലം ബൈപാസിലുണ്ടായത്. 10 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ താല്‍ക്കാലിക ഹമ്ബ് സ്ഥാപിക്കാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.