കൊല്ലം: സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. നിപ ബാധിച്ച വിദ്യാര്‍ത്ഥിക്കൊപ്പം ഇടപഴകിയ കൊല്ലം ജില്ലക്കാരായ മൂന്നു വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ അടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങി.
കൊച്ചിയില്‍ നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിക്കൊപ്പം പഠിക്കുന്ന കൊല്ലം ജില്ലക്കാരായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ മൂന്നുപ്പേര്‍ക്കും പനിയോ രോഗലക്ഷണങ്ങളോ ഇല്ല.
മുന്‍കരുതലിന്‍റെ ഭാഗമായി മൂന്നുപ്പേരെയും വീട്ടില്‍ തന്നെയാണ് നിരീക്ഷിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിപ കണ്ടെത്തിയ സാഹചര്യത്തില്‍ കൊല്ലം ജില്ലയിലും ആരോഗ്യവകുപ്പ് അതീവജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ളാസുകളും സംഘടിപ്പിച്ചു.