Responsive Ad Slot

Slider

വിതുര പെണ്‍വാണിഭ കേസില്‍ ഒളിവില്‍പോയ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് പിടിയില്‍ | Kadakkal News

കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് പിടിയിലായിരിക്കുകയാണ്. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിചാരണ കോട്ടയം പ്രത്യേക കോടതിയില്‍ നടക്കുന്നതിനിടയില്‍ 2014-ലാണ് ഇയാള്‍ ഒളിവില്‍ പോയത്.

കൊച്ചി: കേരളത്തില്‍ വിവാദമായ പെണ്‍വാണിഭ കേസുകളില്‍ പ്രധാനപ്പെട്ടതാണ് വിതുര പെണ്‍വാണിഭ കേസ്. നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ട ഈ പ്രമാദമായ കേസ് പതിയെ തേഞ്ഞുമാഞ്ഞു പോകുകയായിരുന്നു. എന്നാലിപ്പോഴിതാ വിവാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് പിടിയിലായിരിക്കുകയാണ്. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിചാരണ കോട്ടയം പ്രത്യേക കോടതിയില്‍ നടക്കുന്നതിനിടയില്‍ 2014-ലാണ് ഇയാള്‍ ഒളിവില്‍ പോയത്. 

ഹൈദരാബാദില്‍ നി്ന്ന് ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. സുരേഷിനെ 23 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിതുരയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതിയാണ് സുരേഷ്. കേസ് എടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്. 

ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലായിരിക്കെയാണ് ഇയാള്‍ വീണ്ടും ഒളിവില്‍ പോയത്. കേസില്‍ നിന്ന് ഇയാളുടെ അഭിഭാഷകന്‍ നേരത്തെ പിന്മാറിയിരുന്നു. അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷമാണ് 18 വര്‍ഷം ഒളിവിലായിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങിയത്. 

പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിനെ തിരിച്ചറിയാമോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തെ തുടര്‍ന്നു അന്ന് കോടതിയില്‍ നാടകീയ രംഗങ്ങലായിരുന്നു അരങ്ങേറിയത്. 'ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്' എന്നു പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പല തവണ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടര്‍ന്ന് വിസ്താരം തടസ്സപ്പെട്ടു. കേസിന്റെ ആദ്യഘട്ട വിചാരണകളില്‍ യുവതി പ്രതികളെ തിരിച്ചറിയില്ലെന്ന് മൊഴി നല്‍കിയതോടെയാണ് അന്ന് എല്ലാവരെയും വിട്ടയച്ചത്. കൂറു മാറിയതായി അന്നു കോടതി പ്രഖ്യാപിച്ചിരുന്നു. നേരത്തെ കേസില്‍ രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. പെണ്‍കുട്ടി കൂറുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. 

ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വരെ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ജഗതി ശ്രീകുമാറിനെ നേരത്തെ തന്നെ കോടതി വെറുതേ വിട്ടിരുന്നു. ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയും കോടതി വെറുതേ വിട്ടു.
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തുകൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമാ നടന്‍ ജഗതിയുടെ പേരുമായി ബന്ധപ്പെട്ടാണ് വിതുര പെണ്‍വാണിഭക്കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജഗതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ല എന്ന് വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ ഹാജരായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പെണ്‍കുട്ടിയെ കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കോടതിയും കേസുമല്ല, തനിക്ക് കുടുംബമാണ് പ്രധാനപ്പെട്ടതെന്നും ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി കഴിയാന്‍ അനുവദിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തിനടുത്ത വിതുരയില്‍ നിന്നും പെണ്‍വാണിഭ സംഘം കടത്തിക്കൊണ്ട് പോയി ചൂഷണത്തിനിരയാക്കിയത്. അവളുടെ വീട്ടിലെ കടുത്ത ദാരിദ്ര്യവും കൊടും പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്താണ് നരാധമര്‍ അവളെ നിരന്തര പീഡനത്തിന് വിധേയയാക്കിയത്. സിനിമയിലഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരി അവളെ വലയിലാക്കിയത്. അതിസുന്ദരിയായ, മിടുക്കിയായ, ബുദ്ധിമതിയായ ഈ പെണ്‍കുട്ടിയെ തന്ത്രപരമായി വലയില്‍ വീഴ്ത്താന്‍ ഗൂഢാലോചനക്കാര്‍ക്കു കഴിഞ്ഞു.

സംഭവം നടന്ന് 19 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കേസ് ഒരിടത്തും അവസാനിക്കുകയില്ലെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി വിവാഹിതയായി. ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. പെണ്‍കുട്ടി വിവാഹിതയായി എന്നറിഞ്ഞപ്പോള്‍ മാധ്യമങ്ങളില്‍ അതു വലിയ വാര്‍ത്തയും ചൂടേറിയ ചര്‍ച്ചയും ആയിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com