അഞ്ചല്‍: അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം. ഫ്‌ലൈറ്റ് എന്‍ജിനീയറായ ഏരൂര്‍ ആലഞ്ചേരി വിജയ വിലാസത്തില്‍ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാര്‍ (29) ഉള്‍പ്പെടെ 13 സൈനികരെയാണ് കാണാതായത്. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറുസൈനികരും ഉള്‍പ്പെട്ട സംഘമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അസമിലെ ജോര്‍ഹട്ടില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎന്‍ 32 എന്ന വിമാനമാണ് കാണാതായത്. 11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്.
ഐഎസ്‌ആര്‍ഒയുടെ ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ഉള്‍പ്പെടെ വിമാനത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചലില്‍ പങ്കുചേരുന്നുണ്ട്. അതേസമയം, വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് തിരച്ചില്‍ ദുഷ്‌കരമാക്കുന്നത്.
ഐഎസ്‌ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി.130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ എംഐ ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നെത്തിച്ച നാവികസേനയുടെ പി.8ഐ വിമാനവും തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനു സഹായകരമായ അത്യാധുനിക ഇലക്‌ട്രോ ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ റെഡ് സെന്‍സറുകളും സിന്തറ്റിക് റഡാറുകളും ഘടിപ്പിച്ചതാണ് ഈ വിമാനം.