Responsive Ad Slot

Slider

സൂക്ഷിച്ചോ...നമ്മള്‍ മൊട്ടുസൂചി വാങ്ങിയാല്‍ പോലും ഗൂഗിളറിയും

ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കാരണത്താല്‍ പലപ്പോഴും ഫെയ്സ്ബുക്കും ഗൂഗിളുമെല്ലാം സംശയത്തിന്റെ നിഴലിലായിട്ടുണ്ട്.

ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കാരണത്താല്‍ പലപ്പോഴും ഫെയ്സ്ബുക്കും ഗൂഗിളുമെല്ലാം സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്ബോഴെല്ലാം ഉപയോക്താവിന്റെ പ്രൈവസിയെ തങ്ങള്‍ മാനിക്കുന്നു എന്ന പതിവ് പല്ലവി തന്നെയാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളുടേയും വിലവിവരങ്ങളക്കം ഗൂഗിള്‍ ശേഖരിച്ചു വെക്കുന്നുവെന്നാണ് പുതിയതായി പുറത്ത് വന്നിട്ടുള്ള വിവരം.

ഗൂഗിള്‍ നിലവില്‍ ഓണ്‍ലൈനിലൂടെ ഉത്പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ്. ഇത്തരം സൈറ്റുകളിലൂടെ നമ്മള്‍ നടത്തിയ എല്ലാ ഇടപാടുകളുടേയും കണക്കുകള്‍ നമ്മള്‍ പോലുമറിയാതെ ഗൂഗിള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് വിവരം. ഇതെങ്ങനെ നടക്കാന്‍ എന്നല്ലേ..കാര്യം വളരെ നിസ്സാരമാണ്. നമ്മള്‍ ഒരു ഉത്പ്പന്നം വാങ്ങി കഴിയുമ്ബോള്‍ സാധാരണ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ജിമെയിലിലേക്ക് ബില്ല് അയക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ നമ്മുടെ ജിമെയിലില്‍ വരുന്ന ബില്ലുകളില്‍ നിന്നാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

നമ്മള്‍ വാങ്ങിയ സാധനത്തിന്റെ ബ്രാന്‍ഡ്, നിറം,വില തുടങ്ങി എല്ലാ വിവരങ്ങളും ഇതോടെ ഗൂഗിളിന്റെ കൈയ്യില്‍ ഭദ്രമായെത്തും. എന്നാല്‍ തങ്ങള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന സൂചന പോലും ഗൂഗിള്‍ നല്‍കിയിട്ടില്ല എന്നതിലാണ് ദുരൂഹത.

നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി പോലും ഫെയ്്സ്ബുക്കിനും, ഗൂഗിളിനും അറിയാം എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് പുതിയ ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. സ്വകാര്യതയെ സംബന്ധിച്ച്‌ ഗൂഗിള്‍ മേധാവി ആപ്പിളിനെ പരിഹസിച്ച്‌ അധികനാളായിട്ടില്ല. തങ്ങള്‍ക്ക് എല്ലാ ഉപയോക്താക്കാള്‍ക്കും സ്വകാര്യത ഉറപ്പ് വരുത്താന്‍ കഴിയുമ്ബോള്‍ ആപ്പിളിന് അത് വാങ്ങുവാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമല്ലേ സ്വകാര്യത ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സുന്ദര്‍ പിച്ചെയുടെ പരിഹാസം.
എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പുറത്ത് വന്നതിന് ശേഷം തങ്ങള്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന വാദമാണ് ഗൂഗിള്‍ ഉയര്‍ത്തുന്നത്. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരുടെ കൊടുക്കല്‍ വാങ്ങലുകളുടെ കണക്കുകള്‍ പരിശോധിക്കുവാനാണത്രേ ഇത് സൂക്ഷിച്ച്‌ വെച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച ഉപയോക്താക്കള്‍ക്ക് ഒരു സൂചന പോലും നല്‍കിയിട്ടില്ല എന്നിരിക്കേയാണ് ഗൂഗിളിന്റെ വാദത്തില്‍ എത്രത്തോളം കഴമ്ബുണ്ടെന്ന ചോദ്യമുയരുന്നത്്.
മാത്രമല്ല ഈ വിവരങ്ങള്‍ എപ്പോ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നും ഗൂഗിള്‍ പറയുന്നുണ്ട്. എന്നാല്‍ ഡിലീറ്റ് ചെയ്താല്‍ തന്നെയും അത് ഉപയോക്താവിന് പിന്നീട് ലഭിക്കില്ല എന്നല്ലാതെ ഇത് ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് ഡിലീറ്റ് ആവുമോ എന്ന ചോദ്യവും ബാക്കിയാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇവര്‍ എങ്ങനെയാണ് ഉപയോഗിക്കുക എന്നതാണ് ഉപയോക്താക്കളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുക. കൂടുതലും പരസ്യ വരുമാനത്തിന് വേണ്ടിയാണെങ്കിലും ഇത്തരത്തില്‍ നമ്മുടെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ പോലും നമ്മളറിയാതെ മറ്റൊരാള്‍ക്ക് ലഭ്യമാകുന്നു എന്നത് വളരെ ഗൗരവമേറിയ ഒന്നാണ്.

പക്ഷേ രസകരമായ സംഗതി ഇതൊന്നുമല്ല, ഈ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ തന്നെ ഗൂഗിളിലില്ല എന്നതാണ് വാസ്തവം. നമ്മള്‍ മെയിലില്‍ വന്ന ബില്ല് ഡിലീറ്റ് ചെയ്യാത്തിടത്തോളം കാലം ഗൂഗിളില്‍ ശേഖരിച്ച ബില്ലിന്റെ വിവരവും ഡിലീറ്റ് ചെയ്യുവാന്‍ കഴിയില്ല. എന്നാല്‍ ട്രാക്കിംഗ് മുഴുവനായി വേണ്ടെന്ന് വെക്കാമെന്ന് വെച്ചാല്‍ അതിനുള്ള ഓപ്ഷനും ഇല്ല. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സ്വകാര്യത എന്നത് നമ്മുടെ കൈയ്യില്‍ അല്ല എന്ന്.

തങ്ങളീ വിവരങ്ങള്‍ ഒന്നും പരസ്യക്കാര്‍ക്ക് നല്‍കില്ല എന്നാണ് ഗൂഗിളിന്റെ അടുത്ത വാഗ്ദാനം. എങ്ങനെ പറയാന്‍ കഴിയും. നമ്മള്‍ പോലും അറിയാതെ നമ്മുടെ വിവരങ്ങള്‍ എടുക്കുന്നവര്‍ അത് മറ്റാര്‍ക്കും നല്‍കില്ലെന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയമാകും. ജി മെയില്‍ പോലെ നമ്മള്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതിയ ഒരിടത്ത് നിന്നാണ് ഇത്തരം വിവരങ്ങള്‍ ചോരുന്നത് എന്നിരിക്കേ നമ്മുടെ സ്വകാര്യത എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

disqus,
© all rights reserved
made with Kadakkalnews.com