കടയ്ക്കൽ: കടയ്ക്കൽ ഗവൺമെൻറ് യുപി സ്കൂളിലെ 1986 -87 വർഷം 7c ഡിവിഷനിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് അവരുടെ പ്രിയപ്പെട്ട ക്ലാസ് മുറി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സ്കൂളിന് സമർപ്പിച്ചത്. വർണ്ണങ്ങളാൽ നിറച്ച ക്ലാസ് റൂം ലാപ്ടോപ്പും പ്രൊജക്ടറും സൗണ്ട് സിസ്റ്റവും ഫർണിച്ചറുമുൾപ്പെടെ യാണ് സ്കൂളിന് സമ്മാനിച്ചത്. അധ്യാപകനായിരുന്ന ദാസ് സാറിന്റെ സ്മരണാർത്ഥം ഗണിതശാസ്ത്ര മത്സരം സംഘടിപ്പിച്ചു കൊണ്ടാണ് ഈ കൂട്ടായ്മ സ്കൂളിലെ പ്രവർത്തനങ്ങളിൽ ഇടപെട്ട് തുടങ്ങിയത്.
രണ്ടാമത് വർഷവും ഏഴാംക്ലാസിലെ വിദ്യാർത്ഥികൾക്കായി 'സംഖ്യകൾ നിത്യജീവിതത്തിൽ 'എന്ന വിഷയത്തിൽ ഗണിതശാസ്ത്ര മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു വരുന്നു. വിദ്യാർത്ഥികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്താനുതകുന്ന തരത്തിൽ പ്രത്യേക ശില്പശാലയും പഠനക്ലാസുകളും സംഘടിപ്പിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിക്കപ്പെടുന്ന സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കു ചേരുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.