കൊല്ലം: ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ഐരക്കുഴി കൊച്ചുതോട്ടം മുക്ക് തെക്കടത്തു വീട്ടില്‍ ഷിബു-സന്ധ്യ ദമ്ബതികളുടെ ഏകമകള്‍ ശ്രീലക്ഷ്മി(18)യാണ് മരിച്ചത്. കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള്ള ഫ്ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.
പോളയത്തോട് റെയില്‍വെ ഗേറ്റിനടുത്തുള്ള എസ്.എന്‍.വി സദനത്തിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രീലക്ഷ്മി ഇവിടെയാണ് താമസം. ഒരു മുറിയില്‍ മൂന്നു പേരാണ് താമസിച്ചിരുന്നത്. ഇവരില്‍ രണ്ടു പേര്‍ ഞായറാഴ്ച വീട്ടില്‍ പോയിരിക്കുകയായിരുന്നു. ശ്രീലക്ഷമി മാത്രമാണ് ഞായറാഴ്ച രാത്രിയില്‍ മുറിയിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏവിയേഷന്‍ ഒന്നാം വര്‍ഷ പരീക്ഷ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് സംഭവം. ശ്രീലക്ഷ്മിയുടെ പിതാവ് ഷിബു ഗള്‍ഫിലാണ്.