അഞ്ചല്‍: സ്‌കൂളിനോട് ചേര്‍ന്നുള്ള സ്‌ഥലത്ത് അറവ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത് പതിവായിരിക്കുന്നതായി സ്‌കൂള്‍ അധികൃതരും നാട്ടുകാരും പരാതിപ്പെടുന്നു. തിരക്കേറിയ അഞ്ചല്‍-ആയൂര്‍ പാതയ്‌ക്കരികില്‍ സ്‌ഥിതി ചെയ്യുന്ന ബി.വി.യു.പി. സ്‌കൂളിനു സമീപത്താണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ മാലിന്യം തള്ളുന്നത് സ്‌കൂളധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ സ്‌കൂള്‍ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ഹെഡ്‌മിസ്‌ട്രസ് ഉള്‍പ്പെടെയുള്ള അധ്യാപകരും മറ്റു ജീവനക്കാരും എത്തിയപ്പോഴാണ് മാലിന്യത്തിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടത്.
മാലിന്യം പ്ലാസ്‌റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് ഇവിടെ തള്ളിയിരിക്കുന്നത്. വേനല്‍ മഴ പെയ്‌ത് മാലിന്യം അഴുകിയതിനാല്‍ അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ധാരാളം തെരുവുനായ്‌ക്കളുടേയും വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ തെരുവുനായ്‌ക്കള്‍ മാലിന്യം ഭക്ഷിച്ച ശേഷം വിശ്രമിക്കുന്നതു സ്‌കൂള്‍ വരാന്തകളിലാണ്.
നായ്‌ക്കളുടെ ശല്യവും ദുര്‍ഗന്ധവും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഈ വിഷയങ്ങള്‍ വിവരിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലും പോലീസിലും പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.മൂന്നു മാസം മുമ്ബ് ഇവിടത്തെ ചപ്പുചവറിന് തീപിടിച്ചിരുന്നു. പുനലൂര്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
അഞ്ചല്‍ പ്രദേശത്തെ തികച്ചും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. അടിയന്തരമായി മാലിന്യം നീക്കണമെന്ന് സ്‌കൂള്‍ അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു.